മാര്‍ച്ച് 13ന് ബ്രസൽസിലായിരുന്നു ഉച്ചകോടി തീരുമാനിച്ചിരുന്നത്. 

ദില്ലി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി മാറ്റി വച്ചു. പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 13ന് ബ്രസൽസിലായിരുന്നു ഉച്ചകോടി തീരുമാനിച്ചിരുന്നത്. 

അതേസമയം കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ ദിവസേന വിലയിരുത്തുന്നതായും എല്ലാ രാജ്യാന്തര യാത്രക്കാരെയും പരിശോധിക്കാൻ തീരുമാനമായതായും അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചു.

ഇതുവരേയും 29 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം രാജ്യത്ത് കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്ത് വരും. ജയ്‌പൂരിൽ രോഗം ബാധിച്ച ഇറ്റാലിയൻ പൗരനെ ചികിത്സിച്ച ആശുപത്രി ജീവനക്കാർക്കും അയാൾ താമസിച്ച ഹോട്ടലിലെ ജീവനക്കാർക്കും കോവിഡ് ബാധ ഇല്ലെന്നു പരിശോധന ഫലം പുറത്ത് വന്നത് ആശ്വാസ്യകരമാണ്. 

കൊവിഡ് 19 ഭീതി തുടരുന്നതോടെ സംസ്ഥാനത്ത് നിന്ന് വിദേശയാത്രക്ക് ബുക്ക് ചെയ്തവർ കൂട്ടത്തോടെ പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു. കൊച്ചിയിൽ നിന്ന് മാത്രം 300 ഗ്രൂപ്പുകളിലായി 10,000 പേർ യൂറോപ്പിലേക്ക് ഉൾപ്പടെയുള്ള യാത്ര റദ്ദാക്കുകയാണ്.