ദില്ലി: ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തത് 23 ലക്ഷം പേര്‍സണല്‍ പ്രോട്ടക്ഷന്‍ എക്യുപ്മെന്‍റുകള്‍ (പിപിഇ) എന്ന് കണക്ക്. യുഎസ്എ, യുകെ, യുഎഇ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇത് കയറ്റുമതി ചെയ്തത്. ഈ കിറ്റുകളുടെ കയറ്റുമതിക്ക് നേരത്തെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കഴിഞ്ഞ മാസം ഇളവുകള്‍ വരുത്തിയിരുന്നു. അതിന് ശേഷമാണ് ഈ കയറ്റുമതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മെയ്ക്ക് ഇന്‍ ഇന്ത്യ മുദ്രവാക്യത്തിലൂന്നി, പുതിയ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം നടത്തുന്ന ശ്രമങ്ങള്‍ കൊവിഡ് നേരിടാനുള്ള ഉപകരണങ്ങളില്‍ പെടുന്ന പിപിഇകളുടെ കാര്യത്തിലും മറ്റും രാജ്യത്തിന് സ്വശ്രയത്വവും, സ്വയം പര്യാപ്തതയും നല്‍കുന്നു. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെനഗള്‍, സ്ലോവാനിയ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ പിപിഇകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പിപിഇ കിറ്റുകള്‍, വെന്‍റിലേറ്ററുകള്‍, എന്‍95 മാസ്കുകള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.