ദില്ലി:അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കയുമായി 2.6 ബില്ല്യണ്‍ കോടി ഡോളറിന്‍റെ ആയുധക്കരാറിനൊരുങ്ങി ഇന്ത്യ. യുഎസ് പ്രതിരോധ ആയുധ നിര്‍മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് സൈനിക ഹെലികോപ്ടറുകളും ദില്ലിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നംസാസ് മിസൈല്‍ സംവിധാനവുമാണ് ഇന്ത്യ വാങ്ങാന്‍ പദ്ധതിയിടുന്നത്. അന്താരാഷട്ര വാര്‍ത്താ ഏജന്‍സികള്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അമേരിക്കയുമായി വ്യാവസായികവും സൈനികവുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ്  ട്രംപിന്‍റെ സന്ദര്‍ശനത്തോടെ മോദി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 12,000 കോടി രൂപ ചെലവിലാണ് രാജ്യതലസ്ഥാനമായ ദില്ലിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അമേരിക്കയില്‍ നിന്ന് നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം-2(നംസാസ്-2) വാങ്ങുന്നത്. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ദില്ലിയെ വ്യോമാക്രമണങ്ങളില്‍ നിന്ന് പ്രതിരോധിക്കാനും പ്രത്യാക്രമണത്തിനുമാണ് യുഎസ് നിര്‍മിത മിസൈല്‍ വാങ്ങുന്നത്. ആയുധ ഇടപാടിനുള്ള ഇന്ത്യയുടെ തീരുമാനം യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സമര്‍പ്പിച്ചു. 

ഇന്ത്യന്‍ നാവിക സേനക്കായി 24 എംഎച്ച്-60ആര്‍ സീഹോക്ക് ഹെലികോപ്ടറുകളുടെ ഇടപാടും നടക്കും. ഇത് സംബന്ധിച്ചും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുകയാണ്. പ്രതിരോധ സാങ്കേതിക വിദ്യ, വ്യാപാരം തുടങ്ങിയ മേഖലകളിലായി മൂന്ന് കരാറുകള്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും. 

മിസൈല്‍ വാങ്ങാനുള്ള നടപടികള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നെങ്കിലും അമേരിക്കയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ വൈകുകയായിരുന്നു. ഇന്ത്യയുടെ അപേക്ഷക്ക് അമേരിക്ക അംഗീകാരം നല്‍കിയതോടെയാണ് നടപടിക്രമങ്ങള്‍ വേഗത്തിലായത്.യുഎസ് മിസൈലിനൊപ്പം ഇന്ത്യന്‍, റഷ്യന്‍, ഇസ്രയേലി മിസൈല്‍ വേധ സംവിധാനങ്ങള്‍ കൂട്ടി ചേര്‍ത്താകും പ്രതിരോധ കവചം ഒരുക്കുക.

അത്യാധുനിക സംവിധാനമാണ് നാംസാസ്-2 മിസൈലിന്‍റെ സവിശേഷത. വിമാനമുപയോഗിച്ച് കെട്ടിടത്തില്‍ ഇടിച്ചുകയറ്റുന്നത് പോലെയുള്ള ആക്രമണങ്ങള്‍  തടയാന്‍ കഴിയും. 15 മുതല്‍ 25 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറന്ന് ശത്രുവിമാനം തകര്‍ക്കാന്‍ കഴിയുന്ന മിസൈലും 80 മുതൽ ല്‍ 100 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന പൃഥ്വി മിസൈലുമാണ് ഇതിന് ഉപയോഗിക്കുക.