ദില്ലി: കൊവിഡ് 19 വ്യാപനത്തിന് തടയിടാനുള്ള രാജ്യത്തിന്‍റെ ഒത്തൊരുമയും നിതാന്ത പരിശ്രമവും ഭരണഘടനാ ശില്‍പി ഡോ. ബി ആർ അംബേദ്കർക്കുള്ള ശ്രദ്ധാഞ്ജലിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൌണ്‍ നീട്ടുന്നത് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തോട് സംസാരിക്കവേയാണ് അംബേദ്‍കറുടെ 129-ാം ജന്‍മവാർഷികത്തില്‍ മോദിയുടെ അനുസ്മരണം.

Read more: ആരോഗ്യപ്രവർത്തകരും പൊലീസും കൊവിഡിനെതിരെ പോരാടുന്ന യോദ്ധാക്കൾ; ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

'ഇന്ത്യയെ കാക്കാന്‍ കഷ്ടപ്പെടുകയാണ് ഏവരും, എത്രത്തോളം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട് എന്ന് മനസിലാകുന്നു. നിങ്ങളുടെ ത്യാഗങ്ങള്‍ക്ക് മുന്നില്‍ ബഹുമാനത്തോടെ ഞാന്‍ ശിരസ് നമിക്കുന്നു. അച്ചടക്കമുള്ള സൈനികനെ പോലെ കർത്തവ്യങ്ങള്‍ നിറവേറ്റുകയാണ് നിങ്ങളോരോരുത്തരും. ഭരണഘടന വിഭാവനം ചെയ്യുന്നപോലെ ജനങ്ങളുടെ ശക്തി നാം തെളിയിച്ചു. ഒത്തൊരുമയുടെ ശക്തിപ്രകടനമാണിത്. ജന്‍മവാർഷികത്തില്‍ ഡോ. ഭീംറാവു അംബേദ്‍കർക്കുള്ള ഉചിതമായ അനുസ്മരണമായി ഇത് മാറുകയാണ്'- പ്രധാനമന്ത്രി പറഞ്ഞു.  

ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയായ ബി ആർ അംബേദ്കർ സാമൂഹിക പരിഷ്കർത്താവ്, നിയമജ്ഞന്‍, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ടു. ആദ്യ കേന്ദ്രമന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേദ്കറിന് സമ്മാനിച്ചിട്ടുണ്ട്. അംബേദ്കറുടെ 129-ാം ജന്‍മവാർഷികത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പടെയുള്ളവർ അനുസ്മരണം അറിയിച്ചു.  

Read more: കൊവിഡിനെ നേരിടാൻ മോദിയുടെ സപ്തപദി; ഏഴിന നിർദ്ദേശങ്ങൾ  ഇങ്ങനെ

രാജ്യത്ത് ലോക്ക് ഡൌണ്‍ മെയ് മൂന്നുവരെ നീട്ടുന്നതായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 'നിര്‍ണായകമായ പോരാട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പത്തൊൻപത് ദിവസം കൂടി ലോക്ക് ഡൗൺ നീട്ടിയേ തീരു. നാളെ മുതൽ ഒരാഴ്ച രാജ്യത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. ഏപ്രിൽ 20ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കും' എന്നും മോദി പറഞ്ഞു.