Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ കണ്ണിലൂടെ ചരിത്രം മാറ്റി എഴുതണം; ചരിത്രകാരന്‍മാരോട് അമിത് ഷായുടെ ആഹ്വാനം

ശിപായി ലഹളയെന്നത് ബ്രിട്ടിഷുകാരുടെ കാഴ്ചപ്പാടിലെ ചരിത്ര നിര്‍മ്മാണമാണെന്നും ഇന്ത്യയുടെ കാഴ്ചപാടില്‍ ഒന്നാം സ്വാതന്ത്ര്യസമരമാണെന്ന് ഓര്‍ക്കണമെന്നും ഷാ

india history should rewrite in indias point of view
Author
Varanasi, First Published Oct 17, 2019, 5:38 PM IST

വരാണസി: ഇന്ത്യയുടെ രാഷ്ട്രീയ - സ്വാതന്ത്യ സമര ചരിത്രം മാറ്റി എഴുതേണ്ട സമയമായെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ യഥാര്‍ത്ഥ കാഴ്ച്ചപാടില്‍ ചരിത്രം മാറ്റി എഴുതാന്‍ ചരിത്രകാരന്‍മാര്‍ തയ്യാറാകണമെന്നും ഷാ ആഹ്വാനം ചെയ്തു. വി ഡി സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്നതടക്കമുള്ള വാദങ്ങള്‍ ഒരു വശത്ത് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നതിനിടെയാണ് ഷായുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

സവര്‍ക്കര്‍ക്ക് വേണ്ടിയല്ല, 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹളയായി വിലയിരുത്തുന്നത് ഒഴിവാക്കപ്പെടണമെന്നതു കൊണ്ടുകൂടിയാണ് ചരിത്രം മാറ്റി എഴുതണമെന്ന് ആവശ്യപ്പെടുന്നതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ശിപായി ലഹളയെന്നത് ബ്രിട്ടിഷുകാരുടെ കാഴ്ചപ്പാടിലെ ചരിത്ര നിര്‍മ്മാണമാണെന്നും ഇന്ത്യയുടെ കാഴ്ചപാടില്‍ ഒന്നാം സ്വാതന്ത്ര്യസമരമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ഇന്ത്യയുടെ കാഴ്ചപ്പാടിലൂടെ ചരിത്രം മാറ്റി എഴുതണമെന്ന് ആവശ്യപ്പെടുന്നതെന്നും ഷാ വ്യക്തമാക്കി. വരാണസിയില്‍ നടക്കുന്ന അന്താരാഷ്ട്രാ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ഷായുടെ ആഹ്വാനം.

ബ്രിട്ടിഷുകാരടക്കം ആരെയും അപമാനിക്കുന്നതരത്തിലുള്ള ചരിത്രം എഴുതണമെന്നല്ല, മറിച്ച് ഇന്ത്യക്കാരുടെ കാഴ്ചപ്പാട് കൂടി ഇന്ത്യാചരിത്രത്തില്‍ ആവശ്യമാണെന്നാണ് പറയുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. ചരിത്രത്തില്‍ വലിയ സംഭാവന നല്‍കിയവരുടെ കാര്യം പലപ്പോഴും വിസ്മരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കന്ദഗുപ്ത വിക്രമാദിത്യനെക്കുറിച്ചുള്ള വിവരശേഖരണം ഇതിന് ഉദാഹരണമാണെന്നും ഷാ ചൂണ്ടികാട്ടി.

Follow Us:
Download App:
  • android
  • ios