Asianet News MalayalamAsianet News Malayalam

'അദ്ദേഹത്തോട് രാജ്യം കടപ്പെട്ടിരിക്കുന്നു': മൻമോഹൻ സിംങ്ങിനെ പ്രശംസിച്ച് നിതിൻ ഗഡ്കരി

സാമ്പത്തിക രംഗത്തെ ഉദാരവൽക്കരണ നയങ്ങളിൽ രാജ്യം എപ്പോഴും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുമെന്നും ദരിദ്രരായ ആളുകൾക്കും നേട്ടങ്ങൾ ലഭ്യമാക്കണമെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക നയം ഉദാരമാകണമെന്നും ഗഡ്കരി പറഞ്ഞു. 

India is indebted to Manmohan Singh for liberalising economy says central minister Nitin Gadkari
Author
First Published Nov 9, 2022, 11:07 AM IST

ദില്ലി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മൻമോഹൻ സിങ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക്  രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിൻ ഗഡ്കരി  പറഞ്ഞു. ദില്ലിയില്‍  ഒരു പുരസ്കാരദാന ചടങ്ങിൽ  സംസാരിക്കവെയാണ് ഗഡ്കരി മന്‍മോഹന്‍ സിങ്ങിന്‍റെ സാമ്പത്തിക നയങ്ങളെ പ്രശംസിച്ചത്.

ധനമന്ത്രിയായിരിക്കെ 1991ൽ  മൻമോഹൻ സിങ് തുടക്കമിട്ട സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കി. മന്‍മോഹന്‍ സിങ്ങിന്‍റെ പരിഷ്കാരങ്ങള്‍ വലിയ ഉദാര സാമ്പത്തിക നയങ്ങളിലേക്കാണു വാതിൽ തുറന്നത്.  സാമ്പത്തിക രംഗത്തെ ഉദാരവൽക്കരണ നയങ്ങളിൽ രാജ്യം എപ്പോഴും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുമെന്നും ദരിദ്രരായ ആളുകൾക്കും നേട്ടങ്ങൾ ലഭ്യമാക്കണമെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക നയം ഉദാരമാകണമെന്നും ഗഡ്കരി പറഞ്ഞു. 

മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങൾ മഹാരാഷ്ട്ര മന്ത്രിയായിരുന്നപ്പോൾ തനിക്കു സഹായകരമായെന്നും ഗഡ്കരി പറഞ്ഞു. 1990 കളുടെ മധ്യത്തിൽ ഹാരാഷ്ട്രയിൽ മന്ത്രിയായിരുന്നപ്പോൾ സംസ്ഥാനത്ത് റോഡുകൾ നിർമ്മിക്കാൻ പണം സ്വരൂപിക്കാന്‍ അദ്ദേഹത്തിന്‍റെ നയങ്ങള്‍ സഹായിച്ചു.  ലിബറൽ സാമ്പത്തിക നയം ഏത് രാജ്യത്തിന്റെയും വികസനത്തിന് സഹായിക്കും എന്നതിന്‍റെ   ഉത്തമ ഉദാഹരണമാണ് ചൈനയെന്നും ഗഡ്കരി പറഞ്ഞു. ഉദാര സാമ്പത്തിക നയങ്ങൾ കർഷകർക്കും ദരിദ്രർക്കും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം  രാജ്യം സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് കൂടുതൽ കാപെക്‌സ് നിക്ഷേപം ആവശ്യമാണെന്ന്  മന്ത്രി പറഞ്ഞു. രാജ്യത്തെ ദേശീയപാതകളുടെ നിർമ്മാണത്തിനായി ദേശീയ പാത അതോറിറ്റി സാധാരണക്കാരില്‍ നിന്നും പണം സ്വരൂപിക്കുന്നുണ്ട്. ഗതാഗത മന്ത്രാലയം പുതിയ  26 ഹരിത എക്‌സ്പ്രസ് വേകൾ നിർമ്മിക്കുന്നുണ്ട്. പദ്ധതികള്‍ക്ക് ആവസ്യമായ ഫണ്ട് കണ്ടെത്തിയിട്ടുണ്ടെന്നും   ഗഡ്കരി പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ ടോൾ വരുമാനം നിലവിൽ പ്രതിവർഷം 40,000 കോടി രൂപയാണ്. അത് 2024 അവസാനത്തോടെ 1.40 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കപന്നതെന്നും ഡഗ്കരി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios