ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും പാകിസ്ഥാൻ അറിയിച്ചു.
ദില്ലി: തിരിച്ചടിക്കാനുള്ള നിർദ്ദേശം പ്രധാനമന്ത്രി സേനകൾക്ക് നല്കിയ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സഹായം തേടി പാകിസ്ഥാൻ. സംയമനത്തിന് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് യുഎൻ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു. കരസേനയുടെ മൂന്ന് യൂണിറ്റുകളിലെ സൈനികരെയും വ്യോമപ്രതിരോധ സംവിധാനം അടക്കമുള്ള കൂടുതൽ ഉപകരണങ്ങളും പാകിസ്ഥാൻ നിയന്ത്രണരേഖയ്ക്ക് അടുത്തുള്ള പ്രദേശങ്ങളിലേക്ക് മാറ്റി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നലെ ദില്ലിയിൽ നടന്ന യോഗത്തോടെ തിരിച്ചടി ഉറപ്പെന്ന് വ്യക്തമായ പാകിസ്ഥാൻ രാത്രി തന്നെ തിരക്കിട്ട നീക്കങ്ങളാണ് നടത്തിയത്. ഇന്ത്യ ഉടൻ ആക്രമിക്കുമെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അതഉള്ള തരാർ അർദ്ധരാത്രി വിഡിയോ പുറത്തിറക്കി. പഹൽഗാം ആക്രമണത്തിന് അന്താരാഷ്ട്ര കമ്മീഷൻ രൂപീകരിച്ച് അന്വേഷണം നടത്താൻ ഇന്ത്യ തയ്യാറാകണം. ഇത് അംഗീകരിക്കാതെ ഇന്ത്യ നടത്തുന്ന സൈനിക നീക്കം വൻ പ്രത്യാഘാതത്തിനിടയാക്കും എന്നും അത്തഉള്ള തരാർ ഭീഷണി മുഴക്കി. 'ഇന്ത്യ, അടുത്ത 48 മണിക്കൂറിനുള്ളിൽ പാകിസ്ഥാനെ ആക്രമിക്കുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കമുണ്ടായാൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും' എന്നാണ് തരാറിന്റെ ഭീഷണി.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് തന്നെ യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസുമായി സംസാരിച്ചു. ഇന്ത്യ യുദ്ധ ഭീഷണി മുഴക്കുന്നു എന്ന് ഷെഹബാസ് ഷെരീഫ് യുഎൻ സെക്രട്ടറി ജനറലിനോട് പറഞ്ഞു. എന്നാൽ ഭീകരവാദികൾക്കും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും എതിരെ കർശന നിലപാട് സ്വീകരിക്കും എന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അൻറോണിയോ ഗുട്ടെറസിനെ അറിയിച്ചത്.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ ഭീകരർ ചൈനീസ് വാർത്താവിനിമയ സംവിധാനം ഉപയോഗിക്കുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ചൈന നാഷണൽ സ്പെയ്സ് അഡ്മിനിസ് നിർമ്മിച്ച് പാകിസ്ഥാന് കൈമാറുന്ന ഉപകരണങ്ങളാണ് ഭീകരരുടെ കൈകളിൽ എത്തുന്നത്. ചൈനീസ് ബയിഡോ സാറ്റ്ലൈറ്റ് ഫോണുകൾ ഏജൻസികൾ വനമേഖലയിൽ കണ്ടെത്തി. യുദ്ധം ഭയന്ന് പല നീക്കങ്ങളും പാകിസഥാൻ തുടങ്ങി.
പാകിസ്ഥാന്റെ ഏരിയൽ ഡിഫൻസ് സംവിധാനം പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിൽ എത്തിച്ചതായാണ് സൂചന. ലാഹോറിലും കൂടുതൽ സംവിധാനങ്ങൾ എത്തിച്ചു. പാക് സേനയുടെ ആറം ആംഡ് ഡിവിഷൻ, ഏഴാം ഇൻഫാൻ്റി ഡിവിഷൻ എന്നിവയേയും പാക് അധീന കശ്മീരിലേക്ക് നീക്കി. ബാഗ്, റാവൽകോട്ട്, ടോളി പീർ എന്നീ മേഖലകളിലാണ് സേന വിന്യാസം പാകിസ്ഥാൻ കൂട്ടിയത്. ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ എല്ലാ രാജ്യങ്ങളുമായും വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ട് ആശയവിനിമയം തുടരുകയാണ്.


