Asianet News MalayalamAsianet News Malayalam

ഇന്ത്യയെ ഹൃദയത്തിലേറ്റിയ നേതാവ്: ഷിൻസോ ആബെയുടെ വിയോഗത്തിൽ ഞെട്ടി രാജ്യം

ഗുജറാത്തിലെ അഹമ്മദാബാദിൽ  ഷിൻസോ ആബയ്ക്ക് രണ്ടായിരത്തി പതിനേഴിൽ നല്കിയ സ്വീകരണം ആ നേതാവിനെ ഇന്ത്യ എത്രത്തോളം വിലമതിക്കുന്നു എന്നതിനുള്ള തെളിവായിരുന്നു.

India mourning in the death of Narendra modi
Author
Delhi, First Published Jul 8, 2022, 5:27 PM IST

ദില്ലി: ഷിൻസെ ആബെയുടെ കൊലപാതകത്തിൻറെ ഞെട്ടലിലാണ് ഇന്ത്യ. ജീവനുള്ള കാലം വരെ ഇന്ത്യയുമായി അടുത്ത സൗഹൃദം തുടരും എന്ന് പ്രഖ്യാപിച്ച നേതാവാണ് ഷിൻസോ ആബെ. ആബെയുടെ കുടുംബത്തിന് ആറു പതിറ്റാണ്ടിലധികമായി ഊഷ്മള ബന്ധമാണ് ഇന്ത്യയുമായുള്ളത്. . 

ഗുജറാത്തിലെ അഹമ്മദാബാദിൽ  ഷിൻസോ ആബയ്ക്ക് രണ്ടായിരത്തി പതിനേഴിൽ നല്കിയ സ്വീകരണം ആ നേതാവിനെ ഇന്ത്യ എത്രത്തോളം വിലമതിക്കുന്നു എന്നതിനുള്ള തെളിവായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ പല വട്ടം ഷിൻസോ ആബെ ഇന്ത്യയിലെത്തിയിട്ടുണ്ട്.

1957ലാണ് ആദ്യമായി ഒരു ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലേക്കു വരുന്നത്. ജവഹർലാൽ നെഹ്റുവിൻറെ ക്ഷണപ്രകാരം ദില്ലിയിലെത്തിയ നൊബുസുകെ കിഷിയുടെ ആ യാത്രയാണ് പിന്നീട് വളർന്ന ഇന്ത്യ ജപ്പാൻ ബന്ധത്തിന് അടിത്തറ പാകിയത്.  നൊബുസുകെ കിഷിയുടെ മകളുടെ മകനായ ഷിൻസോ ആബെയെ കുടുംബത്തിന് ഇന്ത്യയോടുണ്ടായിരുന്ന ഈ ബന്ധം ഏറെ സ്വാധീനിച്ചു.

 നരേന്ദ്ര മോദിയെ 2014-ൽ ജപ്പാനിൽ സ്വീകരിക്കുമ്പോൾ ഈ ബന്ധം തൻറെ മരണം വരെയുണ്ടാകും എന്നാണ് ഷിൻസോ ആബെ പറഞ്ഞത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്നെ നരേന്ദ്ര മോദി ജപ്പാനിൽ എത്തി ആബയെ കണ്ടിരുന്നു. പിന്നീട് ആ ബന്ധം വളർന്നു. മോദിയുടെ മണ്ഡലമായ വാരാണസിയിൽ എത്തി ഗംഗാ ആരതി കാണാനും ആബെ തയ്യാറായി. 

ബുള്ളറ്റ് ട്രയിൻ പദ്ധതിക്കും, മെട്രോകൾക്കും, ഹൈവേ വികസനത്തിനും ജപ്പാൻറെ സഹായം ഉറപ്പാക്കുന്നതിൽ ഷിൻസോ ആബെ കാട്ടിയ സൗഹൃദം ഒരു കാരണമായി. ഇഴഞ്ഞു നീങ്ങിയ ഇന്ത്യ ജപ്പാൻ പ്രതിരോധ സഹകരണ കരാർ യാഥാർത്ഥ്യമാക്കാൻ ആബെ ഉറച്ച നിലപാടെടുത്തു. ക്വാഡ് കൂട്ടായ്മയിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കി ചൈനയ്ക്ക് വ്യക്തമായൊരു സന്ദേശം ആബെ നല്കി. ജിഏഴ് പോലുള്ള രാജ്യാന്തര വേദികളിൽ നരേന്ദ്രമോദിയുടെ സാന്നിധ്യം കൂടാൻ ആബെയുമായുള്ള ബന്ധം വഴിയൊരുക്കി.

അമേരിക്കൻ പ്രസിഡൻറായിരുന്ന ഡോണൾഡ് ട്രംപുമായുള്ള ബന്ധം മെച്ചപ്പെടുത്താനും മോദിക്ക് ആബെയുടെ സഹായമുണ്ടായിരുന്നു മൻമോഹൻ സിംഗുമായും നല്ല ബന്ധം ആബെ പുലർത്തി. രണ്ടായിരത്തി ഏഴിൽ പാർലമെൻറ് സെൻട്രൽ ഹാളിൽ ആബെ സംസാരിച്ചു. രണ്ടു സമുദ്രങ്ങളുടെ കൂടിച്ചേരലാണ് ഇന്ത്യാ- ജപ്പാൻ ബന്ധമെന്ന് ആബെ ആന്നു പറഞ്ഞു. കഴിഞ്ഞ വർഷം പത്മവിഭൂഷൺ നല്കി രാജ്യം ഷിൻസോ ആബയെ ആദരിച്ചു വാക്കുകൾ പ്രവൃത്തിയിലൂടെ യാഥാർത്ഥ്യമാക്കിയ മികച്ച സുഹൃത്തിനെയാണ് ആബെയുടെ മരണത്തോടെ ഇന്ത്യക്ക് നഷ്ടമാകുന്നത്

Latest Videos
Follow Us:
Download App:
  • android
  • ios