കുട്ടികളുമായി സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ശ്രമിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ നർഗീസ് ബീഗം കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ.
ദില്ലി: ജമ്മു കാശ്മീരിലെ ഉറി മേഖലയിലെ പാക് വെടിവെപ്പിന്റെ ദുരന്തം വിവരിച്ച് ഗ്രാമീണർ. കുട്ടികളുമായി കാറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ശ്രമിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ നർഗീസ് ബീഗം കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വാഹനത്തിന് സമീപം മോട്ടർ ഷെൽ പൊട്ടിത്തെറിച്ചു. ചീള് കുത്തി കയറിയാണ് നർഗീസ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. കഴുത്തിലും പുറത്തും തലയിലും പരിക്കേറ്റിട്ടുണ്ട്. ഉറിയിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നറിയില്ലെന്നും സൈന്യവും പൊലീസും ജില്ലാ ഭരണകൂടവും എല്ലാ സഹായവും നൽകിയെന്നും കൊല്ലപ്പെട്ട നർഗീസിന്റെ ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകുന്നത്. പാകിസ്ഥാന്‍റെ ഡ്രോണുകളും മിസൈലുകളുമടക്കം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു. ഇന്നലെ രാത്രി ബാരാമുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീടുകള്‍ക്കുനേരെയടക്കം കനത്ത ഷെല്ലാക്രമണം ഉണ്ടായിരുന്നു. ഇതിന് മറുപടിയായി ഇന്ത്യൻ സൈന്യയും ശക്തമായ തിരിച്ചടി നൽകിയിരുന്നു. ഇതിനിടെ, ജമ്മു നഗരത്തിലടക്കം പാകിസ്ഥാന്‍റെ ഡ്രോണ്‍ ആക്രമണം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയും ജമ്മുവിൽ ആക്രമണം ഉണ്ടായത്. എന്നാൽ, വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് ഡ്രോണുകള്‍ തകര്‍ത്തു. ജമ്മുവിൽ മുഴുവൻ ബ്ലാക്ക് ഔട്ടും പ്രഖ്യാപിച്ചു.
ഇന്നലെ പാകിസ്ഥാനിൽ നിന്ന് രണ്ട് ഘട്ടമായാണ് ഇന്ത്യയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലെ 15 സൈനികകേന്ദ്രങ്ങൾ ആയിരുന്നു രണ്ട് ആക്രമണത്തിലും പാകിസ്ഥന്റെ ലക്ഷ്യം. എന്നാൽ ആ ശ്രമം നൊടിയിടയിൽ ഇന്ത്യ തകർത്തു. അവന്തിപ്പോര, ശ്രീനഗർ, ജമ്മു, പഠാൻകോട്ട്, അമൃത്‌സർ, കപുർത്തല, ജലന്ധർ, ലുധിയാന, ആദംപുർ, ഭട്ടിൻഡ, ചണ്ഡിഗഡ്, നാൽ, ഫലോഡി, അട്ടർലെ, ഭുജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളാണ് ഡ്രോൺ, മിസൈൽ ആക്രമണങ്ങളിലൂടെ പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ സുദർശൻ ചക്രയാണ് ഈ ആക്രമണങ്ങളെ പ്രതിരോധിച്ച് തകർത്തത്.


