അജിത് ഡോവൽ പാക് പ്രധാനമന്ത്രിയുടെ ഓഫീസുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളും പാകിസ്ഥാൻ തള്ളി.
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇന്നു മുതൽ അതിർത്തിയിൽ വെടിനിർത്തൽ ധാരണ. ഇരു രാജ്യത്തിന്റെയും സേനകളാണ് വെടിനിറുത്തലിന് ധാരണയായെന്ന് വ്യക്തമാക്കിയത്. ധാരണകൾ പാലിക്കുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട്.
സേനാ വെടിനിർത്തൽ ധാരണയെ പിന്തുണച്ച പാക് പ്രധാനമന്ത്രിയുടെ ഓഫീസ്, സൈന്യങ്ങൾ തമ്മിലുള്ള ധാരണയാണെന്നാണ് പ്രതികരിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പാക് പ്രധാനമന്ത്രിയുടെ ഓഫീസുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളും പാകിസ്ഥാൻ തള്ളി.
എന്നാൽ അതേ സമയം ഇന്ത്യ-പാക് അതിർത്തിയിൽ വെടിനിർത്തൽ ധാരണയായെങ്കിലും സേനാ വിന്യാസം തൽക്കാലം കുറയ്ക്കില്ലെന്ന് സേന വൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണരേഖയിലെ താമസക്കാരുടെ ദുരിതം കുറയ്ക്കാനാണ് വെടിനിർത്തലെന്നും ഭീകരവാദത്തിനെതിരായ നടപടി തുടരുമെന്നും സേന വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ-പാകിസ്ഥാൻ ധാരണയെ ഐക്യരാഷ്ട്രസഭയും അമേരിക്കയും സ്വാഗതം ചെയ്തു. തെക്കനേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സഹായിക്കുമെന്ന് അമേരിക്ക പ്രതികരിച്ചു.
