ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിലെ സ്കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു.

ദില്ലി: ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷങ്ങളുടെ പശ്ടാത്തലത്തില്‍ പഞ്ചാബിലെ സ്കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, പഞ്ചാബിലെ സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ - സർക്കാർ, സ്വകാര്യ, എയ്ഡഡ് സ്ഥാപനങ്ങൾ - അടുത്ത മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചതിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിലെ എല്ലാ സ്കൂളുകളും ഇന്ന് അടച്ചിടും. 

അതേസമയം, പാകിസ്ഥാനെതിരെ തിരിച്ചടിക്കുന്നതിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജമ്മുവിലും അതിർത്തി പ്രദേശങ്ങളിലും ഷെല്ലാക്രമണം നടത്തിയ പാകിസ്ഥാനെതിരെ തിരിച്ചടി തുടരുകയാണ്. അതിനിടെ, പാകിസ്ഥാൻ എയർ ഫോഴ്സ് വിമാനം പത്താൻകോട്ടിൽ വെടി വെച്ചിട്ടു. വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകർത്തത്. പാക്കിസ്ഥാനിൽ ഡ്രോൺ ആക്രമണമെന്ന് പാക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങി. 

അതിർത്തിയിൽ പാകിസ്ഥാന്‍റെ കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ അറിയിച്ചു. ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. നിലവിൽ ജമ്മുവിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് മുൻകരുതൽ അറിയിപ്പും നൽകിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.