അന്താരാഷ്ട്ര നിയമമനുസരിച്ച് കശ്മീരിലെ ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഇന്ത്യ മാനിക്കണം എന്ന് മനുഷ്യാവകാശ കമ്മീഷന്‍റെ റിപ്പോര്‍ട്ടിലുണ്ട്. 

ദില്ലി: ജമ്മു കശ്മീരില്‍ മനുഷ്യാവകാശലംഘനം നടക്കുന്നതായുള്ള ഐക്യരാഷ്ട്രസഭാ മനുഷ്യവകാശവിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന‍െതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. കൃത്യമായ അജന്‍ഡകളോടെ തയ്യാറാക്കപ്പെട്ട തെറ്റായ റിപ്പോര്‍ട്ടാണ് ഐക്യരാഷ്ട്രസഭയുടേതെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. 

ജമ്മു കശ്മീരിലെ പ്രശ്നങ്ങള്‍ പഠിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍റേതായി കഴിഞ്ഞ വര്‍ഷം പുറത്തു വന്ന റിപ്പോര്‍ട്ടിനെതിരായാണ് ഇന്ത്യയുടെ പ്രതിഷേധം. കശ്മീരില്‍ വന്‍തോതില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്താരാഷ്ട്ര നിയമമനുസരിച്ച് കശ്മീരിലെ ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഇന്ത്യ മാനിക്കണം എന്ന് മനുഷ്യാവകാശ കമ്മീഷന്‍റെ റിപ്പോര്‍ട്ടിലുണ്ട്. 

തീവ്രവാദത്തെ നിസാരവത്കരിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു റിപ്പോര്‍ട്ടിലൂടെ നടക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ അഖണ്ഡതയും അതിര്‍ത്തിയും തകര്‍ക്കാനുള്ള ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും കശ്മീരിലെ അടിസ്ഥാനപ്രശ്നമായ അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ അവഗണിക്കുകയുമാണ് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.