ദില്ലി: ആഗോള  പട്ടിണി സൂചിക(ഗ്ലോബ് ഹങ്കര്‍ ഇന്റക്‌സ്)യില്‍ ഇന്ത്യ 94ാം സ്ഥാനത്ത്. 107 രാജ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയ്ക്ക് 94ാം റാങ്ക്. പദ്ധതി നടത്തിപ്പിലെ അപാകത, നിരീക്ഷണത്തിലെ അഭാവം, പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ പോരായ്മ എന്നിവയാണ് പട്ടികയില്‍ രാജ്യത്തെ പിന്നോട്ടടിച്ചതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം 117 രാജ്യങ്ങളില്‍ 102ാം സ്ഥാനത്തായിരുന്നു ഇന്ത്യ. റിപ്പോര്‍ട്ട് പ്രകാര്യം രാജ്യത്തെ 14 ശതമാനം പേര്‍ പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 37.4 ശതമാനത്തിന് വളര്‍ച്ചാ മുരടിപ്പുണ്ട്. 1991 മുതല്‍ 2014 വരെയുള്‌ള കണക്കില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. 

പട്ടിണി നേരിടുന്ന ഗുരുതര (സീരിയസ്) രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെടുക.  ഗുരുതര വിഭാഗത്തിലെങ്കിലും അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്‍മാര്‍, പാക്കിസ്ഥാന്‍ എന്നിവ ഇന്ത്യയേക്കാള്‍ ഉയര്‍ന്ന റാങ്കിലാണ്. ബംഗ്ലാദേശ് 75ഉം മ്യാന്‍മാര്‍ 78 ഉം പാക്കിസ്ഥാന്‍ 88 ഉം റാങ്കുകളിലാണ്. നേപ്പാളും ശ്രീലങ്കയും മോഡറേറ്റ് വിഭാഗത്തിലാണ്. ഇരു രാജ്യങ്ങള്‍ക്കും യഥാക്രമം 73ഉം 64ഉം റാങ്കാണ്. 

ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തിയാല്‍ മാത്രമേ രാജ്യത്തിന്റെ റാങ്കില്‍ മാറ്റം വരുത്താനാകൂ എന്ന് ദില്ലിയിലെ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ പൂര്‍ണ്ണിമ മേനോന്‍ പറഞ്ഞു. 

2018ൽ അഞ്ചാം പിറന്നാളിന് മുൻപ് മരിച്ചത് 53 ലക്ഷം കുട്ടികളാണെന്നും പട്ടിണി സൂചിക പറയുന്നു. സഹാറയുടെ തെക്കും ദക്ഷിണേഷ്യയിലും രൂക്ഷമായ പട്ടിണിയാണ് നേരിടുന്നതെന്നും സൂചിക വിശദീകരിക്കുന്നു. പ്രായത്തിനനുസരിച്ച് നീളമില്ലാത്തവരാണ് ഇന്ത്യയിലെ 37.4 ശതമാനം വരുന്ന അഞ്ച് ശതമാനത്തിൽ താഴെ പ്രായമുള്ള കുട്ടികൾ. നീളത്തിനൊത്ത ഭാരമില്ലാത്ത അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം 17.3 ശതമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.