യുക്രൈനെതിരായ യുദ്ധതന്ത്രത്തെപ്പറ്റി പുടിനോട് മോദി അന്വേഷിച്ചെന്ന നാറ്റോ മേധാവിയുടെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് ഇന്ത്യ. നാറ്റോ നേതൃത്വം കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം പറഞ്ഞു.
ദില്ലി: റഷ്യൻ എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയതിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് യുക്രൈൻ യുദ്ധ തന്ത്രം വിശദീകരിക്കാൻ ആവശ്യപ്പെട്ടുവെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യ രംഗത്ത്. മാർക്ക് റുട്ടിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് നാറ്റോക്കെതിരെ ഇന്ത്യ രംഗത്തെത്തിയത്. ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ നാറ്റോ നേതൃത്വം കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം പറഞ്ഞു. ഒരിക്കലും നടന്നിട്ടില്ലാത്ത സംഭാഷണങ്ങളെക്കുറിച്ചുള്ള അനുമാനപരമായ പരാമർശങ്ങൾ സ്വീകരിക്കാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഒരു ഫോൺ സംഭാഷണത്തെക്കുറിച്ച് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. ഈ പ്രസ്താവന വസ്തുതാപരമായി തെറ്റും പൂർണ്ണമായും അടിസ്ഥാനരഹിതവുമാണ്. ഒരു ഘട്ടത്തിലും പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിനുമായി നിർദ്ദേശിച്ച രീതിയിൽ സംസാരിച്ചിട്ടില്ല. അത്തരമൊരു സംഭാഷണം നടന്നിട്ടില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നാറ്റോ പോലുള്ള ഒരു പ്രധാന സ്ഥാപനത്തിന്റെ നേതൃത്വം പൊതു പ്രസ്താവനകളിൽ കൂടുതൽ ഉത്തരവാദിത്തവും കൃത്യതയും പ്രയോഗിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടെ ഇടപെടലുകളെ തെറ്റായി പ്രതിനിധീകരിക്കുന്നതോ ഒരിക്കലും നടന്നിട്ടില്ലാത്ത സംഭാഷണങ്ങളെ സൂചിപ്പിക്കുന്നതോ ആയ പരാമർശങ്ങൾ സ്വീകാര്യമല്ലെന്നും കൂട്ടിച്ചർത്തു.
ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും മുൻനിർത്തിയാണ് ഊർജ്ജ ഇറക്കുമതി തീരുമാനങ്ങൾ എടുക്കുന്നതെന്ന ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.


