രാജ്യസഭയിലും ലോക്സഭയിലും ബില്‍ പാസാക്കാന്‍ സഹായിച്ച എല്ലാ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും മോദി നന്ദി പറഞ്ഞു.
ദില്ലി: ഇന്ത്യ ഇന്ന് സന്തോഷിക്കുന്ന ദിവസമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പാസാക്കിയ ശേഷമാണ് ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. മധ്യകാലഘട്ടത്തിലെ അനാചാരം ഇല്ലാതാക്കിയെന്നും മോദി വ്യക്തമാക്കി. 'പുരാതനകാലത്തെ അനാചാരം അവസാനം ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുന്നു. മുസ്ലിം സ്ത്രീകളോട് ചെയ്തിരുന്ന അനീതി ഇല്ലാതാക്കിയിരിക്കുകയാണ്. ഇത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയമാണ്. ഇന്ത്യ ഇന്ന് സന്തോഷിക്കുന്നു'. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാജ്യസഭയിലും ലോക്സഭയിലും ബില്‍ പാസാക്കാന്‍ സഹായിച്ച എല്ലാ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും മോദി നന്ദി പറഞ്ഞു. ഈ ദിവസം ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും മോദി പറഞ്ഞു. കടുത്ത എതിര്‍പ്പ് അതിജീവിച്ചാണ് മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ നിയമമാക്കിയത്. പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് നിരോധന ബില്‍ പാസാക്കിയത്.
എളമരം കരീം, ദിഗ് വിജയ് സിംഗ് എന്നിവർ കൊണ്ടുവന്ന ഭേദഗതി നിർദേശങ്ങളാണ് തള്ളിയത്. ബില്ലിനെതിരെയുള്ള ഭേദഗതി നിർദേശങ്ങൾ 84 നെതിരെ 100 വോട്ടുകൾക്കാണ് രാജ്യസഭ തള്ളിയത്. മുസ്ലീം പുരുഷന് ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും.
