Asianet News MalayalamAsianet News Malayalam

തര്‍ക്കമേഖലകളില്‍ നിന്ന് ചൈന ആദ്യം പിന്മാറണം; ആറാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ നിലപാട് ആവർത്തിച്ച് ഇന്ത്യ

രാവിലെ ഒന്‍പതരയോടെയാണ് ചര്‍ച്ച തുടങ്ങിയത് ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മോനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്.

india repeats stance that china should withdraw first in sixth commander level talks over border issue
Author
Delhi, First Published Sep 21, 2020, 3:31 PM IST

ദില്ലി: അതിര്‍ത്തിയിലെ തര്‍ക്കമേഖലകളില്‍ നിന്ന് ചൈന ആദ്യം പിന്മാറണമെന്ന് ആറാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ. നിയന്ത്രണ രേഖയില്‍ ചൈനയുടെ ഭാഗത്തുളള മോള്‍ഡോയിൽ വച്ചായിരുന്നു ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച. ചൈനീസ് അതിര്‍ത്തിയിലടക്കം  സുരക്ഷ വിന്യാസം ഇരട്ടിയലധികമാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയെ  അറിയിച്ചു.

രാവിലെ ഒന്‍പതരയോടെയാണ് ചര്‍ച്ച തുടങ്ങിയത്. ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മോനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇതാദ്യമായി വിദേശ കാര്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും പങ്കെടുത്തു. സമ്പൂര്‍ണ്ണ പിന്മാറ്റമെന്ന ഇന്ത്യയുടെ നിലപാട് പൂര്‍ണ്ണതോതില്‍ അംഗീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ലെന്നാണ് സൂചന.

പാങ്കോംഗ് തടാകത്തിന്‍റെ തെക്കേ തീരത്ത് നിന്നുള്ള പിന്മാറ്റം പരിഗണിക്കാമെന്ന് നിലപാടാണ് ചൈന മുന്‍പോട്ട് വച്ചിരിക്കുന്നത്. ചൈന ആദ്യം പിന്മാറണമെന്ന  ഇന്ത്യയുടെ നിലപാടിനോട് തുല്യ രീതിയിലുള്ള പിന്മാറ്റമെന്ന പ്രതികരണമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ശൈത്യകാലത്തിന് മുന്നോടിയായി പിന്മാറാമെന്ന ധാരണയിലേക്ക് ഇരു രാജ്യങ്ങളുമെത്തിയേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

മൈനസ് മുപ്പത് ഡിഗ്രിവരെ എത്തുന്ന കാലാവസ്ഥയില്‍ ഇരു കൂട്ടര്‍ക്കും സൈനിക വിന്യാസം പ്രതിസന്ധി നേരിടാനിടയുണ്ട്. എന്നാല്‍ ശൈത്യകാലത്തിന് മുന്നോടിയായി അതിര്‍ത്തിയിലെ ശക്തി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയെന്ന റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

ചൈനീസ് അതിര്‍ത്തിയിലടക്കം പല തട്ടുകളിലായി സുരക്ഷ കൂട്ടിയെന്നും എല്ലാ അതിര്‍ത്തികളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചെന്നുമാണ് ആഭ്യന്തരമന്ത്രാലയം  രാജ്യസഭയെ  അറിയിച്ചിരിക്കുന്നത്. അതിര്‍ത്തികളില്‍ ഇന്ത്യ വെല്ലുവിളികള്‍ നേരിടുമ്പോള്‍ എന്ത് മുന്നോരുക്കം സ്വീകരിച്ചുവെന്ന ചോദ്യത്തോടാണ് ആഭ്യന്ത്രമന്ത്രാലയത്തിന്‍റെ പ്രതികരണം.

Follow Us:
Download App:
  • android
  • ios