പ്രധാനമന്ത്രി തന്റെ ബലഹീനത കൊണ്ട് രാജ്യത്തിൻറെ താൽപര്യം ബലികഴിക്കാൻ അനുവദിക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ദില്ലി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയ സംഭവം ദൗർഭാഗ്യകരമായ തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം. രാജ്യ താൽപര്യം സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും നീതീകരിക്കാൻ ആകാത്ത അന്യായമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഭീഷണിപ്പെടുത്തി ഇന്ത്യയെ അന്യായമായ വ്യാപാര കരാറിൽ എത്തിക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. പ്രധാനമന്ത്രി തന്റെ ബലഹീനത കൊണ്ട് രാജ്യത്തിൻറെ താൽപര്യം ബലികഴിക്കാൻ അനുവദിക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ് 50 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയിൽ നിന്ന് വൻതോതിൽ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.
നേരത്തെ, ഇന്ത്യയുടെ ചരക്കുകൾക്ക് അമേരിക്ക 25 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയത്. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും.



