പാക് അധീന കശ്മീരിലെ താങ്ധർ സെക്ടറിലുള്ള തീവ്രവാദ ക്യാമ്പുകളിലേക്കാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ചാണ് അതിർത്തിയ്ക്ക് അപ്പുറം പ്രവർത്തിക്കുന്ന തീവ്രവാദക്യാമ്പുകളിലേക്ക് ഇന്ത്യ വെടിയുതിർത്തത്.

ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. അതിർത്തിയ്ക്കപ്പുറം പ്രവർത്തിക്കുന്ന തീവ്രവാദക്യാമ്പുകളിലേക്ക് ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തി. 

ആക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. നീലം വാലിയിലെ തീവ്രവാദ ക്യാമ്പുകളിലേക്കാണ് ആക്രമണം നടത്തിയത്. നാല് തീവ്രവാദ ക്യാമ്പുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നാണ് സൈന്യം അറിയിക്കുന്നത്. 

Scroll to load tweet…

പാക് സൈന്യം പുലർച്ചെ ആക്രമണം നടത്തിയ അതേ താങ്ധർ സെക്ടറിലാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യൻ അതിർത്തിയിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറാൻ സഹായിക്കുന്ന പാക് സൈന്യത്തിന്‍റെ നടപടിയ്ക്ക് തിരിച്ചടിയായാണിതെന്ന് സൈന്യം വ്യക്തമാക്കി.

Scroll to load tweet…

ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ചാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്. സ്ഥിരമായി ഇന്ത്യൻ അതിർത്തിയിലേക്ക് തീവ്രവാദികളെ എത്തിക്കുന്നത് ഈ ക്യാമ്പിൽ നിന്നാണെന്ന് ഇന്ത്യക്ക് വിവരം ലഭിച്ചിരുന്നു.

ഇന്ന് പുലർച്ചെയാണ് ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലുള്ള താങ്ധർ സെക്ടറിലേക്ക് പാക് സൈന്യം വെടിവച്ചത്. ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മൂന്ന് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു.

ഒരു പ്രകോപനവുമില്ലാതെ ഉണ്ടായ ഈ ആക്രമണത്തിന് അപ്പോൾത്തന്നെ ശക്തമായ തിരിച്ചടി നൽകിയതായി സൈന്യം അറിയിച്ചിരുന്നു. വെടിവെപ്പ് ഉണ്ടായ പാക് സൈനിക പോസ്റ്റുകൾക്കെതിരെ ശക്തമായ വെടിവെപ്പ് നടത്തി. കത്വയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്കടുത്തും ഇന്ന് പുലർച്ചെ വെടിവെപ്പ് നടന്നിരുന്നു. 

ബാരാമുള്ളയിലും രജൗരിയിലും കഴിഞ്ഞയാഴ്ച പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. 

സാധാരണക്കാരെ ലക്ഷ്യമിട്ട് ഇത്തരം വെടിവെപ്പ് നടത്തുന്നതിനെതിരെ ഇന്ത്യ പല തവണ പാകിസ്ഥാന് താക്കീത് നൽകിയിരുന്നതാണ്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് പ്രകോപനം ശക്തമായതാണ്. 

ജൂലൈയിൽ മാത്രം 296 വെടിനിർത്തൽ കരാർ ലംഘനങ്ങളുണ്ടായെങ്കിൽ ഓഗസ്റ്റ് ആകുമ്പോഴേക്ക് അത് 307 ആയി കൂടി. സെപ്റ്റംബറിൽ അത് 292 ആയി. അതേ മാസം തന്നെ, മോർട്ടാറുൾപ്പടെ വൻ ആയുധങ്ങൾ ഉപയോഗിച്ച് 61 തവണ ആക്രമണങ്ങളുണ്ടായി. 

ഈ വർഷം സെപ്റ്റംബർ വരെ അതിർത്തിയിൽ പാക് വെടിവെപ്പിൽ മരിച്ചത് 21 പേരാണ്.