ക്ഷീര, കാർഷിക മേഖലകളിൽ ഇന്ത്യ കൈകടത്തരുതെന്നും ഇത് അനാവശ്യമായ വ്യാപാര തടസ്സം സൃഷ്ടിക്കുമെന്നുമാണ് അമേരിക്കൻ വാദം.
ദില്ലി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് ഉന്നതതല ചർച്ചകൾ പുരോഗമിക്കവെ, കൃഷിയും പാലുൽപ്പന്നങ്ങളും പ്രധാന വിഷയമാകുന്നു. അമേരിക്കൻ പാലിനും പാലുൽപ്പന്നങ്ങൾക്കും ഇന്ത്യ വിപണി തുറന്ന് കൊടുക്കണമെന്ന് അമേരിക്ക ശക്തമായ ആവശ്യം ഉന്നയിക്കുമ്പോഴും കർഷകരുടെ താൽപ്പര്യങ്ങൾ ഉറപ്പാക്കുമെന്നാണ് ഇന്ത്യയുടെ വാദം. ഈ വിഷയത്തിൽ നോൺ വെജ് പാൽ (മാംസവും മൃഗങ്ങളുടെ രക്തവും ഉൾപ്പെടുത്തിയ കാലിത്തീറ്റ നൽകുന്ന പശുക്കളുടെ പാൽ) എന്നതും ചർച്ചയാകുന്നു.
ഇറക്കുമതി ചെയ്യുന്ന പാൽ നോൺ വെജ് പാൽ അല്ലെന്ന് ഉറപ്പാക്കാൻ കർശനമായ സർട്ടിഫിക്കേഷൻ ഇന്ത്യ നിർബന്ധിക്കുന്നു. ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചക്കുമില്ലെന്നാണ് ഇന്ത്യയുടെ പക്ഷം. മാംസാഹാരം നൽകുന്ന പശുക്കളിൽ നിന്നുള്ള പാൽ ഇന്ത്യൻ വിപണിയിൽ അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. മാംസാഹാരം നൽകുന്ന പശുവിന്റെ പാലിൽ നിന്നുണ്ടാക്കുന്ന വെണ്ണയും മറ്റുൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ജിടിആർഐ) അജയ് ശ്രീവാസ്തവ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇന്ത്യയിലെ ദൈനംദിന മതപരമായ ആചാരങ്ങളുടെയും ഒരു പ്രധാന ഭാഗമാണ് പാലുൽപ്പന്നങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ക്ഷീര, കാർഷിക മേഖലകളിൽ ഇന്ത്യ കൈകടത്തരുതെന്നും ഇത് അനാവശ്യമായ വ്യാപാര തടസ്സം സൃഷ്ടിക്കുമെന്നുമാണ് അമേരിക്കൻ വാദം. ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടു തന്നെ പാലും പാലുൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് ദശലക്ഷക്കണക്കിന് ചെറുകിട ക്ഷീരകർഷകരെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. ഇന്ത്യയിൽ 80 ദശലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന മേഖലയാണ് ക്ഷീരമേഖല. നിലവിൽ പാലുൽപ്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന തീരുവ ചുമത്തുന്നു.
ചീസിന് 30%, വെണ്ണയ്ക്ക് 40%, പാൽപ്പൊടിക്ക് 60% എന്നിങ്ങനെയാണ് ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ചുമത്തുന്ന തീരുവ. കൂടാതെ, ഇന്ത്യയിലെ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് ഭക്ഷ്യ ഇറക്കുമതിക്ക് വെറ്ററിനറി സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു. മാംസാഹാരം നൽകാത്ത പശുക്കളിൽ നിന്നുള്ള ഉൽപ്പന്നങ്ങളാകണമെന്നും നിർബന്ധമുണ്ട്.
16.8 ബില്യൺ ഡോളറാണ് ഇന്ത്യയിലെ ക്ഷീരമേഖലയുടെ മൂല്യം. യുഎസ് പാലുൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് വിപണി തുറന്നുകൊടുക്കുന്നത് വിലക്കുറവിന് കാരണമാകുമെന്നും ആഭ്യന്തര വിലകൾ കുറയുമെന്നും പറയുന്നു.
അമേരിക്കയിൽ പശുക്കൾക്ക് പ്രൊട്ടീനായി മാംസവും രക്തവും ഉൾപ്പെടുത്തിയ കാലിത്തീറ്റ നൽകാറുണ്ട്. അമേരിക്കയിലെ കാലിത്തീറ്റയിൽ മാംസം പതിവാണെന്നും പറയുന്നു. കോഴി, പന്നി, പശു, കുതിര തുടങ്ങിയ മൃഗങ്ങളുടെ മാംസവും രക്തലവുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്.
