ദില്ലി: നാനാത്വത്തില്‍ ഏകത്വം എന്താണെന്ന് അന്വേഷിക്കുന്ന ലോകത്തിന് മുമ്പില്‍ ഇന്ത്യ വഴികാട്ടിയാകണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഏകത്വത്തില്‍ വൈവിധ്യമല്ല തെരയേണ്ടെതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ദില്ലിയില്‍ ഡയാലിസിസ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ആര്‍എസ്എസ് തലവന്‍റെ പ്രസ്താവന.

പ്രപഞ്ചത്തില്‍ വൈവിധ്യമുണ്ടെന്നുള്ളത് അംഗീകരിക്കേണ്ട ഒന്നാണ്. ഏകത്വത്തില്‍ നിന്നാണ് വൈവിധ്യങ്ങളുണ്ടായതെന്ന അറിവില്‍ ജീവിക്കുന്നതാണ് നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരം.  വൈവിധ്യങ്ങള്‍ തെരയുന്നവരല്ല നമ്മളെന്നും മറിച്ച് ബഹുസ്വരതക്കിടയിലും ഐക്യമുണ്ടെന്ന് മനസ്സിലാക്കുന്നവരാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്നത്തെ കാലഘട്ടത്തില്‍ ജാതിയും രാഷ്ട്രീയ പ്രതിബദ്ധതയുമാണ് നാം സംഘടിച്ചാണോ വേര്‍പിരിഞ്ഞാണോ നില്‍ക്കുന്നത് എന്ന് തീരുമാനിക്കുന്നത്. ഈ തെറ്റായ രീതിയില്‍ നിന്ന് ലോകത്തെ ഇന്ത്യ തിരുത്തണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 

Read More: എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന പ്രസ്താവന; മോഹന്‍ ഭാഗവതിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ്

അതേസമയം ഹൈദരാബാദില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ആര്‍എസ്എസ് സമ്മേളനത്തില്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുസമൂഹമാണെന്ന് ഭാ​ഗവത് പറഞ്ഞിരുന്നു. ആര്‍എസ്എസ് ആരെയെങ്കിലും ഹിന്ദു എന്ന് വിളിക്കുകയാണെങ്കില്‍ അവര്‍ ഇന്ത്യയെ മാതൃരാജ്യമായി കണ്ട് സ്നേഹിക്കുന്നവരാകുമെന്നും ഏത് ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഏത് മതവിശ്വാസം പിന്തുടരുന്നവരാണെങ്കിലും ആരാധന നടത്തുന്നവരാണെങ്കിലും, അല്ലെങ്കിലും ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണെന്നും മോഹൻ ഭാഗവത് പറഞ്ഞത് വിവാദമായിരുന്നു.