ഹൈദരാബാദ്: ആർ‌എസ്‌എസ് നേതാവ് മോഹൻ ഭാഗവതിനെതിരെ പരാതിയുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് വി ഹനുമന്ത റാവു.130 കോടി ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ജനങ്ങളുടെ വികാരത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഭാഗവതിനെതിരെ പരാതിയുമായി ഹനുമന്ത റാവു രം​ഗത്തെത്തിയിരിക്കുന്നത്.

"ഭാഗവതിന്റെ പ്രസ്താവന മുസ്ലിം, ക്രിസ്ത്യൻസ്, സിഖുകാർ, പാർസികൾ എന്നിവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും വേദനിപ്പിക്കുന്നത് മാത്രമല്ല, ഇന്ത്യയുടെ ഭരണഘടനയുടെ മനോഭാവത്തിനും പതിവിനും എതിരാണ്. ഇത് സാമുദായിക സംഘർഷത്തിന് ഇടയാക്കും. ഇത് ഹൈദരാബാദിലെ ക്രമസമാധാന പ്രശ്‌നമായി മാറിയേക്കാം"- എന്നും ഹനുമന്ത റാവു പറഞ്ഞു.

അതേസമയം, കോൺഗ്രസ് നേതാവിൽ നിന്ന് തങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കാൻ സാധിക്കുമോ എന്ന് നിയമപരമായ അഭിപ്രായം തേടുകയാണെന്നും എൽബി നഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അശോക് റെഡ്ഡി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

Read Also:'ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുക്കളാണ്': മോഹന്‍ ഭാഗവത്

ഹൈദരാബാദില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ആര്‍എസ്എസ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമർശം. ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുസമൂഹമാണെന്ന് ഭാ​ഗവത് പറഞ്ഞിരുന്നു. ആര്‍എസ്എസ് ആരെയെങ്കിലും ഹിന്ദു എന്ന് വിളിക്കുകയാണെങ്കില്‍ അവര്‍ ഇന്ത്യയെ മാതൃരാജ്യമായി കണ്ട് സ്നേഹിക്കുന്നവരാകുമെന്നും ഏത് ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഏത് മതവിശ്വാസം പിന്തുടരുന്നവരാണെങ്കിലും ആരാധന നടത്തുന്നവരാണെങ്കിലും, അല്ലെങ്കിലും ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Read More:130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്ന പ്രസ്താവന; മോഹൻ ഭാഗവത് ഭരണഘടന വായിക്കണമെന്ന് ബൃന്ദ കാരാട്ട്

ഇതിനെതിരെ വിവിധ കക്ഷിനേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് മോഹൻ ഭാഗവത് ഭരണഘടന വായിക്കണമെന്നായിരുന്നു സിപിഎം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞത്. ഇന്ത്യയില്‍ ഒറ്റ മതം മതിയെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും പ്രതികരിച്ചിരുന്നു. അതേസമയം, എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളണെന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ വിഷയത്തിൽ പ്രതികരിച്ചത്.

Read Also:'എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് പറയുന്നത് ശരിയല്ല': മോഹൻ ഭാ​ഗവതിനെ തിരുത്തി കേന്ദ്രമന്ത്രി