അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാൻ പിന്തുണ നൽകുന്നത് അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ തൽസ്ഥിതി തുടരും
ദില്ലി: പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യക്കെതിരായ അനാവശ്യ വാചകമടി പാക്കിസ്ഥാൻ നിർത്തിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ ലഭിച്ചത് പോലെ മുറിവേൽക്കുന്ന പ്രത്യാഘാതങ്ങൾ ഇനിയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. സ്വന്തം തോൽവി മറയ്ക്കാനാണ് പാകിസ്ഥാൻ കരസേന മേധാവി അസിം മുനീർ വീരവാദം മുഴക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൽ പറഞ്ഞു. പാകിസ്ഥാന്‍റെ ഏത് അതിസാഹസത്തിനും കടുത്ത തിരിച്ചടി നൽകുമെന്നും രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി.
പാകിസ്ഥാൻ തകർന്നാൽ പകുതി ഭൂമിയെയും ഒപ്പം കൊണ്ടുപോകുമെന്നും ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നും ഇന്ത്യ സിന്ധു നദീജല കരാർ ലംഘിച്ച് ഡാം നിർമ്മിച്ചാൽ ബോംബിട്ട് തകർക്കുമെന്നുമായിരുന്നു പാക് കരസേന മേധാവി അസിം മുനീറിന്‍റെ പ്രകോപന പ്രസ്താവന. അസിം മുനീറിന്‍റെ ഈ വീരവാദത്തിനാണ് വിദേശകാര്യമന്ത്രാലയം ശക്തമായ മറുപടി നൽകിയത്. അടുത്തിടെ കിട്ടിയതുപോലത്തെ മുറിവ് ഏൽക്കുന്ന നീക്കങ്ങൾ വേണ്ടെന്നും ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.
സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൽ അന്താരാഷ്ട്ര തർക്ക പരിഹാര കോടതി ഇടപെടുന്നത് അംഗീകരിക്കുന്നില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാൻ പിന്തുണ നൽകുന്നത് അവസാനിപ്പിക്കുന്നത് വരെ കരാർ റദ്ദാക്കിയതിൽ തൽസ്ഥിതി തുടരും. അമേരിക്കയുമായുള്ള ബന്ധം മാറ്റമില്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഇന്ത്യ -അമേരിക്ക സംയുക്ത സൈനിക അഭ്യാസം അലാസ്കയിൽ ഈ മാസം നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി.
പരസ്പര സഹകരണത്തിന്‍റെയും താത്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം തുടരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ പങ്കാളിത്തം നയതന്ത്ര ബന്ധത്തിലെ നെടുംതൂണാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ആഗസ്റ്റ് പകുതിയോടെ യുഎസിന്‍റെ പ്രതിരോധ നയരൂപീകരണ സംഘം ദില്ലിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനമായിരിക്കും അലാസ്കയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള 21ാമത് സംയുക്ത സൈനിക അഭ്യാസവും നടക്കുകയെന്നും രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി.
അതേസമയം, ചെങ്കോട്ടയിൽ നാളെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേന ഹെലികോപ്റ്റർ പറക്കും. അതിഥികൾക്കുള്ള ക്ഷണക്കത്തിലും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്ന സ്ഥലത്തും ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പുഷ്പാലങ്കാരം ഉണ്ടാകും.



