ആക്രമണം ശക്തമായതോടെ പാകിസ്ഥാൻ ഡിജിഎംഒ വെടിനിർത്തലിന് അഭ്യർത്ഥിച്ചുവെന്നും ഒരു സമ്മർദ്ദവുമുണ്ടായില്ലെന്നും അമിത് ഷാ

ദില്ലി: സിന്ധു നദീജല കരാര്‍ പുനപരിശോധിക്കുന്നത് പരിഗണനയിലില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചര്‍ച്ചയിൽ മറുപടി നൽകുകയായിരുന്നു അമിത് ഷാ. സിന്ധു നദീജല കരാര്‍ പ്രകാരമുള്ള ജലം വൈകാതെ ദില്ലിയിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

 അമിത് ഷാ സംസാരിക്കാൻ തുടങ്ങിയപ്പോള്‍ പ്രധാനമന്ത്രിയാണ് മറുപടി പറയേണ്ടതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിച്ചു. പ്രധാനമന്ത്രിക്ക് പറയാനുള്ളതാണ് താൻ പറയുന്നതെന്ന് അമിത് ഷാ മറുപടി നൽകി. മോദി മറുപിട നൽകാതെ ഒളിച്ചോടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രധാനമന്ത്രി എവിടെയെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. 

ഇരിപ്പിടത്തിൽ നിന്നിറങ്ങി പ്രതിഷേധിച്ച എംപിമാരോട് തിരികെ പോകാൻ രാജ്യസഭ അധ്യക്ഷൻ നിര്‍ദേശിച്ചു. തുടര്‍ന്ന് അമിത് ഷാ പ്രസംഗം നിര്‍ത്തി. 16 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം പ്രധാനമന്ത്രിയെ മറുപടിക്കായി പ്രതീക്ഷിച്ചുവെന്ന് മല്ലികാര്‍ജ്ജുൻ ഖര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി മറുപടി നൽകാൻ എത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

വോട്ട് ബാങ്കിനായി ഭീകരരെ ഇത്രയും കാലം സംരക്ഷിച്ചവർക്ക് മറുപടി കേൾക്കാൻ താൽപര്യം കാണില്ലെന്ന് പറഞ്ഞുകൊണ്ട് അമിത് ഷാ പ്രസംഗം തുടര്‍ന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ലഷ്ക്കർ ഇ തയ്ബയുടെ ഇടപെടൽ വ്യക്തമായിരുന്നു. ഇതിനാൽ തന്നെ അവരുടെ കേന്ദ്രങ്ങള്‍ ഛിന്നഭിനമാക്കി. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ വധിച്ചു. ഇവരിൽ നിന്ന് പിടിച്ചെടുത്ത ആയുധം പഹൽഗാമിൽ ആക്രമണം നടത്താനുപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചു. കോൺഗ്രസ് തെളിവ് ചോദിച്ചു.

 എല്ലാ തെളിവുകളുമുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് വർഗീയ നിറം നൽകാനാണ് കോൺഗ്രസ് ശ്രമിച്ചത്. രാജ്യസുരക്ഷയല്ല കോൺഗ്രസിന് പ്രധാനം. വോട്ട്ബാങ്കുകളെ പ്രീണിപ്പിക്കലാണ് അവരുടെ ലക്ഷ്യം. പാകിസ്ഥാനെയും ലഷ്കർ ഇ തയ്ബയേയും സംരക്ഷിക്കുന്നതിലാണ് കോൺഗ്രസിന്‍റെ ശ്രദ്ധ. ഇരകളുടെ മുഖം മറക്കാനാവുന്നില്ല. ബിഹാറിൽ നിന്ന് പ്രധാനമന്ത്രി രാജ്യത്തിന് നൽകിയത് ശക്തമായ സന്ദേശമായിരുന്നു

മോദിയുടെ ദീർഘദർശിത്വത്തെ അഭിനന്ദിക്കാതെ വയ്യ. ആക്രമണം നടന്ന് 24 മണിക്കൂറിനുളളിൽ പാകിസ്ഥാനികളെ അതിർത്തി കടത്തി. ആക്രമണം ശക്തമായതോടെ പാകിസ്ഥാൻ ഡിജിഎംഒ വെടിനിർത്തലിന് അഭ്യർത്ഥിച്ചുവെന്നും ഒരു സമ്മർദ്ദവുമുണ്ടായില്ലെന്നും അമിത് ഷാ പറഞ്ഞു.

YouTube video player