പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെ ഇന്ത്യ-നോർവേ ബന്ധം ഹരിത തന്ത്രപ്രധാന ബന്ധമായി ഉയർത്തി. ഇതിന്റെ ഭാഗമായി ഹരിതോർജ്ജ സാങ്കേതികവിദ്യ കൈമാറുന്നതിനൊപ്പം പത്ത് ലക്ഷം കോടിയുടെ നിക്ഷേപവും രാജ്യത്തെത്തും, ഇത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

ദില്ലി: ഇന്ത്യ നോർവേ ബന്ധം ഹരിത തന്ത്രപ്രധാന ബന്ധമായി ഉയർത്തിയെന്ന് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തിയത്. ഹരിതോർജ്ജ രംഗത്ത് നോർവെയുടെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറും. നോർവെയിൽ നിന്ന് പത്ത് ലക്ഷം കോടി നിക്ഷേപം ഇന്ത്യയിലെത്തും. അടുത്ത പത്തു വർഷത്തിൽ ഇതിലൂടെ 10 ലക്ഷം തൊഴിലവസരം രാജ്യത്തുണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു. സ്‌കാൻഡിനേവിയൻ രാജ്യങ്ങളും ഇന്ത്യയും ഉൾപ്പെടുന്ന ഇന്ത്യ നോർഡിക് ഉച്ചകോടി ഇന്ന് നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം നോർവേ പ്രസിഡൻ്റിനൊപ്പമുള്ള സംയുക്ത വാർത്താ സമ്മേളനം പൂർത്തിയാക്കി മടങ്ങിയ പ്രധാനമന്ത്രി മോദിയോട് നോർവേയിലെ മാധ്യമപ്രവർത്തക ചോദ്യം ചോദിക്കുന്നതിൻ്റെ വീഡിയോ ദൃശ്യം വൈറലായതിന് പിന്നാലെ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്നത് കള്ളകഥയെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. വിവരമില്ലാത്ത ചില എൻജിഒകൾ തയ്യാറാക്കുന്ന റിപ്പോർട്ട് ശരിയെന്ന് ചിലർ ധരിച്ചിരിക്കുകയാണെന്ന് മന്ത്രാലയം പറയുന്നു. ഇന്ത്യയിൽ നൂറു കണക്കിന് മാധ്യമങ്ങൾ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നുണ്ട്. വോട്ടു ചെയ്ത് സർക്കാരിനെ മാറ്റാനുള്ള അവകാശമാണ് വലിയ മനുഷ്യാവകാശമെന്നും വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് പ്രതികരിച്ചു. നോർവെയിലെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ അനുമതിയുണ്ടായിരുന്നില്ല.