ദില്ലി: കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തിൽ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി കേന്ദ്ര സർക്കാർ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ കർഷക സമരവുമായി ബന്ധപ്പെട്ട്  കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മന്ത്രിമാരും നടത്തിയ അഭിപ്രായ പ്രകടനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം പ്രവർത്തികൾ തുടരുന്നത് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പരാമർശങ്ങൾ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുൻപിലേക്ക്  തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ എത്തിക്കുന്നതിലേക്ക് നയിച്ചുവെന്നും ഇത് സുരക്ഷാപ്രശ്നം ഉണ്ടാകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.