ദില്ലി: കൊറോണ വൈറസ് ബാധ പടരുന്ന ചൈനയിൽ നിന്ന് വരുന്നവർക്കും, അവിടേക്ക് യാത്ര ചെയ്യുന്നവർക്കും, ചൈനയിൽ നിന്ന് വരുന്ന മറ്റ് രാജ്യങ്ങളിലെ പൗരൻമാർക്കുമുള്ള ഇ- വിസ സേവനം നിർത്തി വച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാവർക്കും ഇപ്പോൾ ലഭിച്ചിരിക്കുന്ന ഓൺലൈൻ വിസകളും റദ്ദാക്കും. അടിയന്തരസാഹചര്യങ്ങളിൽ തിരികെ വരണമെന്ന് താത്പര്യപ്പെടുന്നവർ അതാത് ഇടങ്ങളിലെ എംബസികളുമായി ബന്ധപ്പെടണമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

''നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യയിലേക്കുള്ള ഇ- വിസ സംവിധാനം നിർത്തി വയ്ക്കുകയാണ്'', എന്ന് ബീജിങിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. നിലവിൽ ചൈനീസ് പാസ്പോർട്ട് കയ്യിലുള്ള ആർക്കും ഇന്ത്യയിലേക്ക് ഇ- വിസ നൽകില്ല. ഇപ്പോൾ അനുവദിച്ചിരിക്കുന്ന വിസയിൽ യാത്ര ചെയ്യാനിരിക്കുന്നവരുടേത് റദ്ദാകും. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അപേക്ഷ നൽകിയ മറ്റ് വിദേശരാജ്യങ്ങളിലെ പൗരൻമാർക്കും ഇ- വിസ നൽകില്ല. ഇന്ത്യയിലേക്ക് അടിയന്തരമായി യാത്ര ചെയ്യണമെന്നുള്ളവർക്ക്, ചൈനയിലെ ഏത് ഇന്ത്യൻ എംബസിയെയും സമീപിക്കാമെന്നും അധികൃതർ അറിയിക്കുന്നു.

''അത്യാവശ്യമായി തിരികെ വരണമെന്നുള്ളവർക്ക് വിവരം ബീജിംഗിലെ ഇന്ത്യൻ എംബസിയെയോ, ഷാങ്ഹായിലെയോ ഗുവാൻസോയിലെയോ ഇന്ത്യൻ കോൺസുലേറ്റുകളെയോ, ഇവിടെ എവിടെയെങ്കിലുമുള്ള ഇന്ത്യൻ വിസ അപേക്ഷാകേന്ദ്രങ്ങളെയോ സമീപിക്കാം'', അറിയിപ്പിൽ പറയുന്നു. 

വുഹാൻ നഗരത്തിൽ നിന്ന് ഇന്നലെ 323 ഇന്ത്യക്കാരെയും ഏഴ് മാലിദ്വീപ് പൗരൻമാരെയുമാണ് എയർ ഇന്ത്യയുടെ ജംബോ വിമാനം വഴി നാട്ടിൽ തിരികെയെത്തിച്ചത്. ഇതോടെ ഇന്ത്യ നാട്ടിലെത്തിച്ചവരുടെ എണ്ണം 654 ആയി.

ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 300-ലധികം പേർ കൊറോണ ബാധിച്ച് മരിച്ചു. 14,562 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ത്യയും അമേരിക്കയും യുകെയും യുഎഇയും ഉൾപ്പടെ 25 രാജ്യങ്ങളിലേക്ക് പടരുകയും ചെയ്തു.