ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 2.9 ട്രില്യൺ ഡോളറിൽ നിന്ന് 10 ട്രില്യൺ ഡോളറായി വർദ്ധിക്കുമെന്ന് അരുൺ ജയ്റ്റ്‌ലി
ദില്ലി: ഇന്ത്യ അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്‌ലി. ഉപഭോഗവും നിക്ഷേപവും വർദ്ധിക്കുന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്. ഇപ്പോൾ ഇന്ത്യയിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 2.9 ട്രില്യൺ ഡോളറാണ്. ഇത് 2030 ഓടെ പത്ത് ട്രില്യൺ ഡോളറായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ആറ് വർഷത്തിനുള്ളിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം അഞ്ച് ട്രില്യൺ ഡോളറാവും. 2030-31 സാമ്പത്തിക വർഷത്തിൽ അത് പത്ത് ട്രില്യൺ ആകുമെന്നും അതോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ജയ്റ്റ്‌ലി പറഞ്ഞു. അമേരിക്ക ഒന്നാം സ്ഥാനത്തും ചൈന രണ്ടാം സ്ഥാനത്തുമായിരിക്കും.
രാജ്യത്തെ ദരിദ്രരുടെ എണ്ണം 2011 ലെ സെൻസസ് പ്രകാരം 21.9 ശതമാനമായിരുന്നുവെന്നും, ഇപ്പോഴത്തെ സാമ്പത്തിക വളർച്ച നിരക്ക് അനുസരിച്ച് അത് 17 ശതമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ ഇത് 15 ശതമാനമാകും. 2024-25 കാലത്ത് ഇത് ഒറ്റയക്കത്തിലേക്ക് എത്തുമെന്നും ജയ്റ്റ്‌ലി പ്രതീക്ഷ പങ്കുവച്ചു.
രാജ്യത്തെ ഇടത്തരക്കാരുടെ എണ്ണം 2015 ൽ 29 ശതമാനമായിരുന്നുവെന്നും ഇപ്പോഴത് 44 ശതമാനമായി വർദ്ധിച്ചിട്ടുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു. 2030 ആകുമ്പോഴേക്കും രാജ്യം പൂർണ്ണമായും ദാരിദ്ര്യ രേഖയ്ക്ക് പുറത്തുകടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജ്യത്തെ ഇടത്തരക്കാർ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ നാല് മടങ്ങായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടത്തരക്കാരുടെ എണ്ണം വർദ്ധിക്കുന്നത് രാജ്യത്ത് ഉപഭോഗം വർദ്ധിപ്പിക്കും. അടിസ്ഥാന സൗകര്യമടക്കം രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും വികസനം ഉണ്ടാകും. അതേസമയം രാജ്യത്ത് റെയിൽവെയടക്കമുള്ള അടിസ്ഥാന സൗകര്യ മേഖലകളിൽ കൂടുതൽ വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
