വിക്രാന്തിനെ നീറ്റിലിറക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഏതൊക്കെ പോര്‍ വിമാനങ്ങളായിരിക്കും വിക്രാന്തില്‍ നിന്ന് പറന്നുയരുക എന്നത് സസ്പെൻസാക്കി വച്ചിരിക്കുകയായിരുന്നു നാവിക സേനയും പ്രതിരോധമന്ത്രാലയവും.

ഇന്ത്യയുടെ രണ്ടാമത്ത വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ( INS Vikrant ) വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ നാവിക സേനയുടെ ഭാഗമാകും. വിക്രാന്തിന്‍റെ അവസാന സമുദ്ര പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ കൊച്ചി കപ്പല്‍ശാലയില്‍ പുരോഗമിക്കുകയാണ്. വിക്രാന്തിനെ നീറ്റിലിറക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഏതൊക്കെ പോര്‍ വിമാനങ്ങളായിരിക്കും വിക്രാന്തില്‍ നിന്ന് പറന്നുയരുക എന്നത് സസ്പെൻസാക്കി വച്ചിരിക്കുകയായിരുന്നു നാവിക സേനയും പ്രതിരോധമന്ത്രാലയവും.

വിക്രാന്തിന്‍റെ ശേഷി അനുസരിച്ചുള്ള പോര്‍വിമാനങ്ങളെ കണ്ടെത്താൻ വര്‍ഷങ്ങള്‍ക്ക് മുൻപേ പ്രതിരോധ വകുപ്പ് ശ്രമം തുടങ്ങിയിരുന്നു. വ്യോമസേനയുടെ പക്കലുള്ള മിഗ് ,തേജസ് എന്നീ വിമാനങ്ങളെയും വിക്രാന്തിലേക്ക് പരിഗണിച്ചു. എന്നാല്‍ പഴയ സാങ്കേതിക വിദ്യയുള്ള ഇവ ഉപയോഗിച്ചാല്‍ കാര്യക്ഷമമാകില്ല എന്ന നാവിക സേനയുടെ ഉന്നതസമിതി റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പുത്തൻ പോര്‍വിമാനങ്ങളെ വാങ്ങാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.

ചൈന പേടിക്കണം

ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കുമൊടുവില്‍ വിക്രാന്തിനായി അത്യാധുനിക സാങ്കേതിക വിദ്യയും മികച്ച പ്രഹരശേഷിയും ഉള്ള ഫ്രാൻസിന്‍റെ റഫാലും ബോയിംഗ് കമ്പനിയുടെ F18 സൂപ്പര്‍ ഹോണറ്റും അടിയന്തിരമായി വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. രണ്ട് കമ്പനികളുടെ വിമാനങ്ങളും പരീക്ഷണ പറക്കലിനായി ഇന്ത്യയിലെത്തി. ഗോവയിലെ നാവികത്താവളമായ ഐഎൻഎസ് ഹൻസയില്‍ നടക്കുന്ന പരീക്ഷണ പറക്കല്‍ ജൂണ്‍ 15ന് അവസാനിക്കും. കര്‍വാറിലെ നാവികത്താവളത്തിലുള്ള ഇന്ത്യയുടെ ഏക വിമാനവാഹിനിയായ ഐഎൻഎസ് വിക്രമാദിത്യയില്‍ ഇരു വിമാനങ്ങളുടേയും പരീക്ഷണപറക്കല്‍ നിശ്ചയിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വിക്രമാദിത്യ അവസാന നിമിഷം പിൻമാറുകയായിരുന്നു.

വിക്രാന്തിനായി 26 പോര്‍ വിമാനങ്ങളാണ് വാങ്ങുന്നത്. കൂടാതെ ഇരട്ട എൻഞ്ചിനുള്ള എട്ട് പോര്‍വിമാനങ്ങളും നാവിക സേന വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. ജൂലൈ പകുതിയോടെ വിമാനങ്ങളുടെ ടെൻഡര്‍ പൂര്‍ത്തിയാക്കി ഘട്ടംഘട്ടമായി ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. ഏകദേശം 60000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വ്യോമസേന റഫാല്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. നാവിക സേന വാങ്ങുന്ന റഫാലുകള്‍ ഇലക്ട്രോണിക് യുദ്ധമികവും അത്യാധുനിക റഡാര്‍ സംവിധാനം ഉള്ളതുമാണ്. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകള്‍ വഹിക്കാൻ ശേഷിയുള്ളതാക്കി പിന്നീട് നാവിക സേന ഇവയെ മാറ്റും. ചിനൂക്ക് ഹെലികോപ്ടറുകളും സി-17 വിമാനങ്ങളും ബോയിംഗ് ഇന്ത്യൻ സേനകള്‍ക്ക് നിലവില്‍ നല്‍കുന്നുണ്ട്.

അഫ്ഗാൻ, ഇറാഖ് യുദ്ധ വേളയില്‍ അമേരിക്ക വളരെ വിജയകരമായി ഉപയോഗിച്ച പോര്‍വിമാനങ്ങളാണ് F18 സൂപ്പര്‍ ഹോണറ്റ്. നാവിക സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യൻ കിഴക്കൻ തീര സംരക്ഷണമായിരിക്കും വിക്രാന്തിന്‍റെ പ്രധാന ചുമതല. ഇന്തോ - പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ച് വരുന്ന ഇടപെടല്‍ തടയുകയാണ് ദൗത്യം. ചൈനയുടെ പ്രധാന പോര്‍വിമാനങ്ങളായ J 20 , J 15 എന്നിവയെ ചെറുക്കാൻ ശേഷിയുള്ളവയാണ് റഫാലും സൂപ്പര്‍ ഹോണറ്റും. 

ജനസംഖ്യ നിയന്ത്രണനിയമം: കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ മൗനം പാലിച്ച് ബിജെപിയും കേന്ദ്രസര്‍ക്കാരും