ദില്ലി: ഇന്ത്യ പാകിസ്ഥാൻ നയതന്ത്രബന്ധം വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ പാക് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയും ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ 50 ശതമാനം ഉദ്യാഗസ്ഥരെ പിൻവലിക്കും. 

ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ടു ജീവനക്കാരെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത സംഭവത്തെ തുടർന്നാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ത്യൻ ജീവനക്കാരെ പാകിസ്ഥാൻ പല രീതിയിൽ പീഡിപ്പിക്കുകയാണെന്ന് ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ഏഴ് ദിവസത്തിനകം ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. പാകിസ്ഥാനും ഈ ദിവസങ്ങൾക്കകം ജീവനക്കാരെ വെട്ടിക്കുറയ്ക്കണം. പാകിസ്ഥാൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. 

ജൂൺ 15, തിങ്കളാഴ്ചയാണ് പാക് ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാക് ഏജൻസികൾ പിടിച്ചുകൊണ്ടുപോയി അനധികൃതമായി പത്ത് മണിക്കറിലധികം കസ്റ്റഡിയിൽ വച്ചതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷനും വിദേശകാര്യമന്ത്രാലയവും ശക്തമായ സമ്മർദ്ദം ചെലുത്തിയ ശേഷമാണ് ഇവരെ വിട്ടയക്കാൻ പാക് ഏജൻസികൾ തയ്യാറായത്. രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരെയും ക്രൂരമായ പീഡനത്തിനും ചോദ്യം ചെയ്യലിനും വിധേയരാക്കിയ പാക് അധികൃതർ ഇവരെ കൈയേറ്റം ചെയ്തെന്നും, ഗുരുതരമായ പരിക്കുകളേൽപ്പിച്ചെന്നും ഇന്ത്യ വ്യക്തമാക്കുന്നു. 

ഇവരെ നിർബന്ധിച്ച് വീഡിയോയ്ക്ക് മുന്നിൽ ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി എഴുതിയ രേഖയിൽ ഒപ്പുവയ്പിച്ചു. ഹൈക്കമ്മീഷന്‍റെ വാഹനം ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.

ഇത്തരം നടപടികളെ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ വിദേശകാര്യമന്ത്രാലയം അനാവശ്യമായി പാകിസ്ഥാനി അധികൃതർ പ്രകോപനം സൃഷ്ടിക്കുകയാണെന്നും വ്യക്തമാക്കുന്നു. നേരത്തേ, ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പാക് ചാരസംഘടനയായ ഐഎസ്ഐ പിന്തുടരുന്നതായുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തു വന്നിരുന്നു. പാകിസ്ഥാനിലെ ഇന്ത്യയുടെ മുതിർന്ന നയതന്ത്രപ്രതിനിധിയായ ഗൗരവ് അലുവാലിയയുടെ വാഹനത്തിന് പിന്നാലെ ഐഎസ്ഐ അംഗം സ‌ഞ്ചരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതമാണ് ഇന്ത്യ പുറത്തുവിട്ടത്. ബൈക്കിലാണ് ഇയാൾ വാഹനത്തെ പിന്തുടർന്നിരുന്നത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്. 

പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രഉദ്യോഗസ്ഥരോട് പാക് അധികൃതരും വിദേശകാര്യമന്ത്രാലയവും വളരെ മോശമായിട്ടാണ് പെരുമാറുന്നതെന്നും, ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യ നേരത്തേ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കള്ളക്കേസുകളിൽ ഉദ്യോഗസ്ഥരെ പെടുത്തി ഉപദ്രവിക്കാനുള്ള നീക്കം നടക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.

ഇനിയും ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ ഉപദ്രവിക്കുമെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കിയെന്ന് വ്യക്തമാക്കുന്ന വിദേശകാര്യമന്ത്രാലയം, ഇത്തരത്തിൽ പാക് പ്രകോപനങ്ങളിൽ വീഴില്ലെന്നും വ്യക്തമാക്കുന്നു. അതിർത്തി കടന്നുള്ള തീവ്രവാദം സ്പോൺസർ ചെയ്യുന്ന പാക് പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധമാറ്റാനുള്ള പാക് തന്ത്രമാണിതെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.