ദില്ലി: കര, നാവിക, വ്യോമസേനാ തലവൻമാരുടെ മേധാവിയായി, സർവസൈന്യാധിപനായ രാഷ്ട്രപതിയുടെ കീഴിൽ മൂന്ന് സേനകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി രൂപീകരിച്ചതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ദില്ലിയിൽ ചേർന്ന സുരക്ഷാ ചുമതലയുള്ള ക്യാബിനറ്റ് സമിതിയാണ് (ക്യാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി) ഈ പദവിക്ക് അംഗീകാരം നൽകിയത്. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഈ ജനറൽ തന്നെ. 

സൈന്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ പദവിയിലേക്ക് ആരെത്തും എന്നാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മൂന്ന് സേനകളിൽ നിന്നുള്ള ഏതെങ്കിലുമൊരു ഫോർ സ്റ്റാർ ഓഫീസറാകും ഈ പദവിയിലെത്തുക. ഇപ്പോൾ വിരമിക്കാൻ പോകുന്ന കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്ന് കരുതുന്നവരുമുണ്ട്. 

ഈ പദവിക്ക് കൃത്യം കാലാവധിയുണ്ടാകും. എത്ര കാലമെന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല. യുഎൻ സെക്യൂരിറ്റ് കൗൺസിലിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങൾക്കും (പി-5 എന്ന അഞ്ച് രാജ്യങ്ങൾ) ഇത്തരത്തിൽ ഒരു പദവിയുണ്ട്. 

തുല്യപദവിയുള്ള മൂന്ന് സേനാമേധാവികളിലെ ഒരാളാകും ഈ പദവിയിലെത്തുക എന്നും അഭ്യൂഹങ്ങളുണ്ട്. രാജ്യത്തിന്‍റെ ആയുധവാങ്ങൽ ശേഷിയും ആവശ്യങ്ങളും കൃത്യമായി പ്രതിരോധവകുപ്പിനെ അറിയിക്കൽ, അതോടൊപ്പം മൂന്ന് സേനകളുടെ പ്രവർത്തനങ്ങൾ എന്നിവ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്‍റെ പ്രധാനചുമതലകളിൽ ചിലതാണ്.

സൈനികകാര്യമന്ത്രാലയത്തിന്‍റെ ചുമതല ഈ സൈനികമേധാവിക്കാകും. സേനാമേധാവികളുടെ തുല്യ ശമ്പളം തന്നെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനുമുണ്ടാകും. നിലവിൽ ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി എന്ന - സേനാമേധാവിമാരുടെ സമിതിയുടെ തലവനായി പ്രവർത്തിക്കുന്നത് കരസേനാ മേധാവിയായ ബിപിൻ റാവത്താണ്. എന്നാൽ അദ്ദേഹത്തിന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനുള്ള തരത്തിലുള്ള അധികാരങ്ങളില്ല. 

1999-ലെ കാർഗിൽ യുദ്ധത്തിന് ശേഷമാണ് മൂന്ന് സേനകളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത പ്രതിരോധമന്ത്രാലയത്തിന് ബോധ്യപ്പെടുന്നത്. യുദ്ധകാലത്ത് മൂന്ന് സേനകളും തമ്മിൽ കൃത്യമായ ആശയവിനിമയം ഇല്ലെന്നത് പലപ്പോഴും ഇന്ത്യയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായിരുന്നെന്ന്, യുദ്ധശേഷം ഇതേക്കുറിച്ച് പഠിയ്ക്കാൻ നിയോഗിക്കപ്പെട്ട സമിതി കണ്ടെത്തിയിരുന്നു. ഇന്ത്യ - പാക് അതിർത്തി വഴി നുഴഞ്ഞു കയറിയ പാക് ചാരൻമാരും പാക് സൈനികരും കാർഗിലിലെ പ്രധാന ഇടങ്ങളിൽ സ്ഥാനമുറപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി മൂന്ന് സമിതികളും തമ്മിൽ കൈമാറാനായില്ലെന്നത് വലിയ വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇതേ സമിതിയാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് വേണമെന്ന് ശുപാർശയും നൽകുന്നത്.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പുതിയ പദവി രൂപീകരിക്കുമെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ആദ്യ മോദി മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ ഈ ആവശ്യം പല തവണ ഉന്നയിച്ചിരുന്നതാണ്. 

സ്ഥാനമൊഴിഞ്ഞ ശേഷം, സിഡിഎസ് പദവിയിലിരുന്നയാൾക്ക് പിന്നീട് ഒരു സർക്കാർ പദവി വഹിക്കാനാവില്ല. മാത്രമല്ല, ഒരു സ്വകാര്യ കമ്പനിയിലും അഞ്ച് വർഷത്തേക്ക് ഒരു പദവിയും വഹിക്കാനാവില്ല. അതിന് ശേഷം ഏതെങ്കിലും പദവികൾ വഹിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്‍റെ അനുമതിയും വേണം.