ദില്ലി: സമീപഭാവിയില്‍ ഇന്ത്യ, ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിസ്ക്കവറി ചാനലിലെ മാന്‍ വെര്‍സര്‍ വൈല്‍ഡ് എന്ന പരിപാടിയില്‍ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ഏറ്റവും വൃത്തിയുള്ള രാജ്യമാക്കി മാറ്റുന്നതിന് ഇവിടുത്തെ ജനങ്ങള്‍ക്കാണ് സാധിക്കുകയെന്നും വ്യക്തിശുചിത്വമുള്ള ജനതയ്ക്ക് സാമൂഹിക ശുചിത്വം ഇനിയും ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

'ജനങ്ങള്‍ക്കാണ് രാജ്യത്തിനെ ഏറ്റവും വ്യത്തിയുള്ളതാക്കി മാറ്റാന്‍ സാധിക്കുക. വ്യക്തിശുചിത്വം ഇന്ത്യന്‍ ജനതയുടെ സംസ്ക്കാരത്തിന്‍റെ ഭാഗമാണ്. എന്നാല്‍ സാമൂഹിക ശുചിത്വം ഇനിയും നമുക്ക് ഇനിയും ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു.  ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി  ഇതിനായി ഏറെ പ്രയത്നിച്ചൊരാളാണ്. ഇപ്പോഴാണ് നമുക്ക് അതിന്‍റെ ഫലം ലഭിക്കുന്നത്. 

ഇന്ത്യ വളരെ പെട്ടന്നു തന്നെ അക്കാര്യത്തിലും വിജയം നേടുമെന്നാണ് താന്‍ വിശ്വാസിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി സംരക്ഷണത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ഡിസ്ക്കവറി ചാനലിലെ മാന്‍  വെര്‍സര്‍ വൈല്‍ഡ് പരിപാടി ഇത്തവണ ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് വന്യജീവി സങ്കേതത്തിലായിരുന്നു. പ്രധാന മന്ത്രി നരേന്ദ്രമോദി അതിഥിയായെത്തുന്ന പരിപാടിക്ക് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രചരണം ലഭിച്ചിരുന്നു.