ദില്ലി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് ക്ഷണിക്കാനൊരുങ്ങി വിദേശകാര്യമന്ത്രാലയം. ഈ വർഷം അവസാനം നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ക്ഷണിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പുൽവാമയ്ക്കു ശേഷം യുദ്ധപ്രതീതിസൃഷ്ടിച്ച സംഘർഷം, ജമ്മുകശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കല്‍, പാക് അധീന കശ്മീർ തിരിച്ചു പിടിക്കാൻ തയ്യാറെന്ന സൈന്യത്തിൻറെ പ്രഖ്യാപനം തുടങ്ങിയ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ഇമ്രാൻ ഖാനെ രാജ്യത്തേക്ക് ക്ഷണിക്കുമെന്ന പ്രഖ്യാപനം. 

പാകിസ്ഥാൻ ഉൾപ്പടെ എട്ട് അംഗരാജ്യങ്ങൾ ഉള്ള ഷാങ്ഹായി സഹകരണ ഉച്ചകോടി ഈ വർഷം അവസാനം ദില്ലിയിൽ നടത്താനാണ് ധാരണ. ഇമ്രാൻ ഖാൻ ക്ഷണം സ്വീകരിച്ചാൽ ചൈനീസ് പ്രസിഡൻറും പാക് പ്രധാനമന്ത്രിയും ഒന്നിച്ച് ഇന്ത്യയിലുണ്ടാകും. കശ്മീർ വിഷയം വീണ്ടും ഐക്യരാഷ്ട്രരക്ഷാസമിതിയിൽ ചർച്ചയാക്കാനുള്ള പാകിസ്ഥാൻറെയും ചൈനയുടെയും നീക്കം പാളിയതിനു പിന്നാലെയാണ് ഇന്ത്യയുടെ ഈ തീരുമാനം പുറത്തുവരുന്നത്.

അഞ്ചു മാസത്തിനിടെ രണ്ടാം തവണയാണ് രക്ഷാസമിതിയിൽ വിഷയം ചർ‍ച്ചയ്ക്കെടുക്കാനുള്ള പാക് നീക്കം പരാജയപ്പെട്ടത്. ഷിംല കരാർ, ലാഹോർ പ്രഖ്യാപനം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിഷയം പരിഹരിക്കണം എന്ന് ചൈന ഒഴികെയുള്ള രാജ്യങ്ങൾ നിലപാടെടുത്തു. മുപ്പത്തിയാറ് മന്ത്രിമാരെ ജമ്മുകശ്മീരിലയച്ച് ജനവിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ യുഎൻ തീരുമാനം സർക്കാരിന് ആശ്വാസമായി. പാക് പ്രധാനമന്ത്രി ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചാൽ സമഗ്ര ചർച്ചയ്ക്ക് വഴിയൊരുങ്ങുമോ എന്നതാണ് ഉയരുന്ന ചോദ്യം.