ചെന്നൈ: കമൽഹാസൻ ചിത്രം ഇന്ത്യൻ 2 വിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ക്രെയിൻ മറി‍ഞ്ഞ് വീണ് അപകടമുണ്ടായ സംഭവത്തിൽ ക്രെയിൻ ഓപ്പറേറ്റർ രാജനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ രാജൻ ഒളിവിൽ പോയിരുന്നു. ഓപ്പറേറ്ററുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ മാനേജർ പൊലീസിൽ പരാതി നൽകിയിരുന്നു. 

ഈ ഫെബ്രുവരി 19നാണ് ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ഷൂട്ടിംഗ് ലൊക്കേഷനിൽ ക്രെയിൻ മറിഞ്ഞ് വീണ് അപകടമുണ്ടായത്. മൂന്ന് പേർ അപകടത്തിൽ മരിച്ചിരുന്നു. ശങ്കറിന്‍റെ സഹസംവിധായകൻ കൃഷ്ണ, ആർട്ട് അസിസ്റ്റന്‍റ് ചന്ദ്രൻ, പ്രൊഡക്ഷൻ അസിസ്റ്റന്‍റ് മധു എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. സംവിധായകൻ ശങ്കറിനും അപകടത്തിൽ കാര്യമായി പരിക്കേറ്റിരുന്നു. കാലിന് പരിക്കേറ്റ ശങ്കർ ചികിത്സയിലാണ്. 

ശങ്കറും സഹസംവിധായകരും ഇരുന്ന ടെന്‍റിന് മുകളിലേക്കാണ് ക്രെയിൻ വന്ന് വീണത്. അപകട സമയത്ത് നടൻ കമൽഹാസനും ലൊക്കേഷനിൽ ഉണ്ടായിരുന്നു. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരണപ്പെട്ട മൂന്ന് സിനിമാപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിരുന്നു.