ദില്ലി: കരുത്തും കഴിവും തെളിയിക്കുന്ന ശക്തിപ്രകടനമായി വായുസേനയുടെ 87-മത് വാര്‍ഷിക ദിനാഘോഷം ദില്ലിയിൽ നടന്നു. ദില്ലി അതിര്‍ത്തിയിലെ ഹിന്‍റൻ വ്യോമതാവളത്തിലെ ആഘോഷ ചടങ്ങുകൾ യുദ്ധവിമാനങ്ങളുടെ ആകാശപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യയുടെ അഭിമാനമായി മാറിയ വിംഗ് കമാൻഡർ അഭിനന്ദൻ വര്‍ത്തമാൻ മിഗ് 21ന്‍റെ പുതുക്കിയ യുദ്ധവിമാനവുമായാണ് വ്യോമഭ്യാസ പ്രകടനത്തിന് എത്തിയത്.

87 വര്‍ഷത്തെ ചരിത്രത്തിൽ വായുസേന ആര്‍ജ്ജിച്ചെടുത്ത കരുത്തിന്‍റെ പ്രകടനമായിരുന്നു ഹിന്‍റൻ വ്യോമതാവളത്തിൽ ഒരുക്കിയത്. ഏറ്റവും ആകര്‍ഷകമായത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനത്തിന്‍റെ ഏറെ നേരം നീണ്ടുനിന്ന പ്രകടനങ്ങളായിരുന്നു. സുഹോയ് ജാഗ്വാര്‍ യുദ്ധവിമാനങ്ങളും ഇത്തവണ വായുസേന ദിനം ആവേശമാക്കി.

ബാലക്കോട്ടിൽ മിന്നലാക്രമണം നടത്തിയ മിറാഷ് 2000 യുദ്ധവിമാനങ്ങൾക്ക് കരഘോഷങ്ങളോടെയായിരുന്നു സ്വീകരണം. വിന്‍റേജ് വിമാനങ്ങൾക്കൊപ്പം സാരംഗ് ഹെലികോപ്റ്റര്‍ പ്രകടനവും കയ്യടിനേടി. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളം കൂടിയായ ഹിന്‍റനിലെ ഈ പ്രകടനങ്ങൾ വായുസേനയുടെ ശക്തിപ്രകടനം തന്നെയായിരുന്നു. ഏത് വലിയ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ സൈന്യം സജ്ജമാണെന്ന് വായുസേന മേധാവി ആര്‍കെഎസ് ബദൗരിയ പറഞ്ഞു. ഏത് അടിയന്തിര സാഹചര്യത്തെ നേരിടാനും ഓരോ പോരാളികളും തയ്യാറായിരിക്കണമെന്നും ബദൗരിയ ആഹ്വാനം ചെയ്തു.

കര, നാവിക സേനാ മേധാവികളും ആഘോഷത്തിൽ പങ്കെടുത്തു. കേരളത്തിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിംഗ് കമാണ്ടര്‍ പ്രശാന്ത് നായര്‍ ഉൾപ്പടെ നിരവധി പേര്‍ക്ക് സേനാമേഡലുകൾ വായുസേന മേധാവി സമ്മാനിച്ചു.  കരസേനാ മേധാവി ബിപിൻ റാവത്ത്, ഇന്ത്യൻ വ്യോമസേനാ മേധാവി, ആർ‌കെ‌എസ് ഭദൗരിയ, നവിക് സേനാ മേധാവി അഡ്മിറൽ കര൦ബീർ സിംഗ് എന്നിവർ ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലി അർപ്പിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇന്ത്യന്‍ സേനയിലേ മൂന്ന് പ്രബല വിഭാഗങ്ങളില്‍ ഒന്നാണ് വായുസേന. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യന്‍ വ്യോമസേന. 1,70,000 അംഗങ്ങളാണ് വ്യോമസേനയിലുള്ളത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബര്‍ 8-നാണ് ഇന്ത്യന്‍ വ്യോമസേന രൂപീകൃതമായത്.