ദില്ലി: പാകിസ്ഥാന്‍റെ എഫ് 16 പോര്‍വിമാനം വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ വെടിവെച്ച് വീഴ്ത്തിയിട്ടില്ലെന്ന അമേരിക്കന്‍ പ്രസിദ്ധീകരണത്തിലെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ വ്യോമ സേന. അമേരിക്കൻ പ്രസിദ്ധീകരണത്തിന്‍റെ വാദം തെറ്റാണെന്ന് വ്യോമസേന വിശദമാക്കുന്നു.
 
പാക് വിമാനം ആക്രമണത്തില്‍ തകര്‍ന്നതിന്‍റെ ഇലക്ട്രോണിക്, റഡാർ തെളിവുകള്‍ കൈവശമുണ്ടെന്നും വ്യോമസേന വ്യക്തമാക്കി. ആക്രമണം നടന്ന സമയം രണ്ട് പൈലറ്റുമാര്‍ വിമാനത്തില്‍ നിന്ന് പാരഷ്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒന്ന് മിഗ് വിമാനം പറത്തിയ അഭിനന്ദന്‍ വര്‍ധമാനും മറ്റൊന്ന് പാക് വിമാനത്തിലെ പൈലറ്റുമാണെന്ന് വ്യോമസേന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

അമേരിക്കന്‍ പ്രസിദ്ധീകരണമായ ഫോറിന്‍ പോളിസിയാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. പാക്കിസ്ഥാന്‍ വാങ്ങിയ എല്ലാ എഫ് 16 വിമാനങ്ങളും സുരക്ഷിതമാണെന്നും ഒന്നു പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി എന്നുമായിരുന്നു ഫോറിന്‍ പോളിസിയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയത്.