18കാരനെ വിളിച്ചുവരുത്തിയ പെൺകുട്ടിയുടെ വീട്ടുകാർ കേതനേയും സുഹൃത്തിനെയും രാത്രി മുഴുവൻ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു

നൈനിറ്റാൾ: സവർണ്ണ ജാതിയിൽപ്പെട്ട പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ 18കാരനായ ദളിത് വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി. കൊലപ്പെടുത്തും മുൻപ് സമാനതയില്ലാത്ത ക്രൂരതയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി നേരിടേണ്ടി വന്നത്. കേതൻ ലാൽ എന്ന 18കാരനാണ് ക്രൂരമായ ജാതീയ അധിക്ഷേപങ്ങൾക്കും ക്രൂരമർദ്ദനത്തിനും ഇരയായി കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാളിലാണ് സംഭവം. ഞായറാഴ്ചയാണ് കേതൻ ലാൽ കൊല്ലപ്പെട്ടത്. 18കാരനെ വിളിച്ചുവരുത്തിയ പെൺകുട്ടിയുടെ വീട്ടുകാർ കേതനേയും സുഹൃത്തിനെയും രാത്രി മുഴുവൻ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്ന് കേതന്റെ പിതാവ് ധൻപാൽ ലാൽ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നക്. പെൺകുട്ടിയുടെ പിതാവായ യശ്ബീർ സിംഗ് പൻവാർ തിങ്കളാഴ്ച രാവിലെ ഫോണിൽ വിളിച്ച് തന്റെ മകനെയും സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ചുവെന്നും അവരുടെ മൃതദേഹങ്ങൾ അരുവിയിൽ തള്ളുമെന്നും ഭീഷണിപ്പെടുത്തിയതായി ധൻപാൽ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതുകേട്ട് പരിഭ്രാന്തനായ പിതാവ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന രണ്ട് ആൺകുട്ടികളെയുമാണ് കണ്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കേതൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ കേതൻ തനിക്കുണ്ടായ ക്രൂരമായ പീഡനങ്ങളെക്കുറിച്ച് പിതാവിനോട് തുറന്നുപറഞ്ഞിരുന്നു. പെൺകുട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ സുഹൃത്തിനൊപ്പം അവളുടെ വീട്ടിലേക്ക് പോയതെന്നും എന്നാൽ അവിടെയെത്തിയ ഉടൻ പെൺകുട്ടിയുടെ അച്ഛനും മുത്തശ്ശനും ഉൾപ്പെടെയുള്ളവർ തങ്ങളെ പിടികൂടി മുറിയിൽ അടയ്ക്കുകയായിരുന്നുവെന്നും കേതൻ പറഞ്ഞു. രാത്രി മുഴുവൻ നീണ്ട മർദ്ദനത്തിനിടയിൽ കേതന്റെ കാലുകളിൽ ഇരുമ്പ് ആണികൾ അടിച്ചുകയറ്റിയതായും ജാതീയമായി അധിക്ഷേപിച്ചതായും കുടുംബം ആരോപിക്കുന്നു. പരിക്കേറ്റ കേതന്റെ സുഹൃത്ത് ദിവാകർ തലയ്ക്കും ശരീരത്തിനും ഗുരുതരമായ പരിക്കുകളോടെ നിലവിൽ ചികിത്സയിലാണ്.

സവർണ ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി കേതൻ സൗഹൃദം സ്ഥാപിച്ചതിൽ അവളുടെ കുടുംബത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവ് നേരത്തെ കേതന്റെ അച്ഛനെ കണ്ട് മകളെ ശല്യം ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി തെഹ്‌രി ഗർവാൾ സീനിയർ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. ഈ മുൻവൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് യശ്ബീർ സിംഗ് പൻവാർ, മുത്തശ്ശൻ വിദ്യാദത്ത് പൻവാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ കൊലപാതകക്കുറ്റവും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേതന്റെ മരണത്തിന് കാരണമായ പരിക്കുകളുടെ വ്യാപ്തി കൃത്യമായി മനസ്സിലാക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം