ദില്ലി: അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ചേർന്ന് രാജ്യത്തിന് ശക്തമായ ഭീഷണി സൃഷ്ടിക്കുന്നതായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. ആ കൂട്ടായ ഭീഷണി ഒഴിവാക്കാനാവില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്ഥാൻ തുടരുകയാണ്. ഭീകരവാദത്തെ ഇന്ത്യ ശക്തമായി എതിർക്കും. കൃത്യസമയത്ത് കൃത്യതയോടെ പ്രതികരിക്കാൻ ഇന്ത്യയ്ക്ക് കഴിയും. ആ സന്ദേശം  നൽകി കഴിഞ്ഞു. ഏതു സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും നരവനെ വ്യക്തമാക്കി. 

ഇന്ത്യയും ചൈനയും തമ്മിൽ സുരക്ഷ വിഷയത്തിൽ ചർച്ച നടക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഇരു ഭാഗത്തു നിന്നും അതിർത്തികളിൽ  സൈന്യത്തെ പിൻവലിക്കുന്ന നടപടി ഉണ്ടായിട്ടില്ല. ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. 

കഴിഞ്ഞ വർഷം വെല്ലുവിളികളുടേതായിരുന്നു. രാജ്യത്തിന്റെ വടക്കൻ അതിർത്തികളിലെ സാഹചര്യവും കൊവിഡും പ്രധാന വെല്ലുവിളിയായി. വടക്കൻ മേഖലകളിലെ അതിർത്തികളിൽ അതീവ ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. സമാധാനമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതു സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം  ആവർത്തിച്ചു.