ദില്ലി: സ്വയം ആശ്രയിക്കുന്നത്  സൈനിക മേഖലയില്‍ വരേണ്ട തന്ത്രപരമായ  ആവശ്യമാണെന്ന് കരസേനാ മേധാവി. രണ്ട് ശക്തമായ വെല്ലുവിളിയെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ എംഎം നരവനേയുടെ പരാമര്‍ശം. കൊവിഡിനും ലഡാക്കിലെ സംഘര്‍ഷങ്ങളേയും മുന്‍നിര്‍ത്തിയാണ്  കരസേനാ മേധാവി മാധ്യമങ്ങളോട് സംസാരിച്ചത്.

2020 ഒരു പ്രത്യേക വര്‍ഷമായിരുന്നു. ഗ്ലോബല്‍ സപ്ലെ ചെയിനുകളുടെ ദൌര്‍ബല്യം വ്യക്തമായി കാണാന്‍ സാധിച്ചു. സ്വയം ആശ്രയത്തിലേക്ക് എത്തേണ്ട സ്ഥിതിയായിയെന്ന് ദില്ലിയിലെ വെബിനാറിനിടയില്‍ കരസേനാ മേധാവി പറഞ്ഞു. ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംവിധാനങ്ങളെ ഇപ്പോഴും ആശ്രയിക്കുന്നുണ്ട്. ഇതുമൂലം അല്‍പം പിന്നിലാണ് നമ്മള്‍ ഉള്ളത്.

അതുകൊണ്ട് തന്നെ പ്രാദേശികമായി ഇവ സജ്ജമാക്കാനുള്ള സംവിധാനങ്ങള്‍ വേണം. പ്രാദേശികമായ ഇത്തരം സംരംഭങ്ങളില്‍ ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപവും വേണം. ദീര്‍ഘദൂര ടെക്നോളജി, ക്വാണ്ടം കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സ്വാം ഡ്രോണുകള്‍, അണ്‍മാന്‍ഡ് സിസ്റ്റങ്ങള്‍  എന്നിവയെല്ലാം നാം സ്വായത്തമാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.