യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ വിമാന സര്‍വീസിന് തീരുമാനമായെന്നും വിദ്യാര്‍ഥികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും വിദ്യാര്‍ഥികളോട് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.
കീവ്\ദില്ലി: റഷ്യ-യുക്രൈന്‍ സംഘര്‍ഷ (Russia-Ukraine conflict) സാധ്യതയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ (Indian Students) ആശങ്കപ്പെടേണ്ടെന്നും ഇന്ത്യയിലേക്ക് തിരിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ ഒരുക്കുമെന്നും ഇന്ത്യന്‍ എംബസി (Indian Embassy). വിമാന സര്‍വീസുകളുടെ (Flight service) കുറവുകളെക്കുറിച്ച് കൂടുതല്‍ പരാതികള്‍ എത്തുന്ന പശ്ചാത്തലത്തിലാണ് എംബസിയുടെ വിശദീകരണം. യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി (Indian Students in Urkraine) കൂടുതല്‍ വിമാന സര്‍വീസിന് തീരുമാനമായെന്നും വിദ്യാര്‍ഥികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും വിദ്യാര്‍ഥികളോട് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.
എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകളും ഉണ്ടാകും. ഇതിനായി കണ്‍ട്രോള്‍ റൂം തുറന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യുക്രേനിയന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, എയര്‍ അറേബ്യ, ഫ്‌ളൈ ദുബൈ, ഖത്തര്‍ എയര്‍വേസ് തുടങ്ങിയ വിമാന കമ്പനികളുടെ സര്‍വീസാണ് നിലവില്‍ യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ളത്. യാത്രക്കാര്‍ വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
റഷ്യ - യുക്രൈൻ യുദ്ധഭീതിയിൽ ഇന്ത്യാക്കാർ, മടങ്ങാനൊരുങ്ങി ആയിരക്കണക്കിന് വിദ്യാർത്ഥികളും
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യക്കാരോട് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എംബസി. യുക്രൈനില്‍ താമസിക്കുന്ന ഇന്ത്യാക്കാരും മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളും വലിയ ഭീതിയിലാണെന്ന്കഴിഞ്ഞ 27 വര്‍ഷമായി യുക്രൈനിലെ കീവില്‍ സ്ഥിരതാമസമാക്കിയ മലയാളി ഡോ സൈലേഷ് പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
'യുദ്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ തോതില്‍ വരുന്നുണ്ട്. ഇന്ത്യാക്കാരില്‍ തന്നെ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളാണ്. 12000ത്തിലേറെ വരും മെഡിസിനും എഞ്ചിനീയറിങും പഠിക്കുന്ന കുട്ടികളുടെ എണ്ണം. അവരെല്ലാം ഒരാഴ്ചയിലേറെയായി ഭീതിയിലാണ്. എംബസി തിരികെ പോകാന്‍ ആവശ്യപ്പെട്ടതോടെ ഇവിടെ നിന്ന് വിദേശികളെല്ലാം മടങ്ങുകയാണ്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഇന്ത്യാക്കാരെല്ലാം നാട്ടിലെത്തി തുടങ്ങും,'-കൊല്ലം പാരിപ്പള്ളി സ്വദേശിയും ഹെറ്റെറോ ലാബ്‌സ് എന്ന ആഗോള ഫാര്‍മ കമ്പനിയുടെ യുക്രൈനിലെ മേധാവി കൂടിയായ ഡോ സൈലേഷ് പ്രതികരിച്ചു. എന്നാല്‍ റഷ്യയെ യുക്രൈന്‍ ജനതയ്ക്ക് ഭയമില്ലെന്നും ജനജീവിതം സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാക്കാര്‍ ഭീതിയില്‍
'ഒരു ഷെല്‍ പതിച്ചാല്‍ ഇപ്പോഴത്തെ സ്ഥിതി മാറുമായിരിക്കും. പക്ഷെ റഷ്യയ്ക്ക് യുക്രൈനെ ഒരു തരത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയില്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ ഇന്ത്യാക്കാരുടെ കാര്യം അങ്ങിനെയല്ല. ഉത്തരേന്ത്യക്കാരാണ് ഇവിടെയുള്ളവരില്‍ ഏറെയും. കീവിലുള്ള ഞങ്ങളുടെ ഇന്ത്യന്‍ കൂട്ടായ്മയില്‍ മാത്രം 500 ലേറെ ഇന്ത്യാക്കാരുണ്ട്. അവര്‍ക്ക് ഭയമുണ്ട്. ഇന്ത്യാക്കാര്‍ തിരികെ പോകണമെന്ന എംബസി നിലപാടിനോട് അനുകൂലമായി തന്നെ അവര്‍ പ്രതികരിക്കും. സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്നത് വരെ കാത്തുനില്‍ക്കാന്‍ അവരില്‍ നല്ലൊരു വിഭാഗവും ആഗ്രഹിക്കുന്നില്ല' - സൈലേഷ് പറഞ്ഞു.
