കാബൂൾ എംബസിയിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ അമേരിക്കയുടെ സഹകരണം ഉന്നതതലത്തിൽ ഇന്ത്യ തേടി. 

ദില്ലി: അഫ്ഗാനിലെ ഇന്ത്യൻ അംബാസഡർ ഉൾപ്പടെ 80 പേരെ ഇന്നലെ താലിബാൻ തടഞ്ഞു വച്ചതായി റിപ്പോർട്ട്. പിന്നീട് അമേരിക്കയുടെ സഹകരണം തേടിയ ശേഷമാണ് രണ്ടു വിമാനങ്ങളിലായി 120-ത്തിലധികം പേരെ ഒഴിപ്പിക്കാനായത്. നിലവിലെ സാഹചര്യത്തിൽ ഇനി കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കുന്നത് വൈകിയേക്കുമെന്ന് വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു. വൈകിട്ട് ദില്ലിയിൽ മന്ത്രിസഭാ സമിതി യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി

ആശങ്ക അവസാനിപ്പിച്ച് വ്യോമസേനയുടെ ട്രാൻസ്പോർട്ട് ഒരു വിമാനം ഉച്ചക്ക് 12ന് ഗുജറാത്തിലെ ജാംനഗറിലും വൈകീട്ട് അഞ്ചിന് ദില്ലിയിലും എത്തി. പാക്കിസ്ഥാന്‍റെ വ്യോമ മേഖല ഒഴിവാക്കി ഇറാൻ വഴിയാണ് വിമാനം ദില്ലിയിൽ തിരിച്ചെത്തിയത്. ഇന്നലെ പുലർച്ചെയാണ് ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി 17 വിമാനങ്ങൾ കാബൂളിലെത്തിയത്. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്നലെ രാവിലെ തുടങ്ങി. ആദ്യം 45 പേരുടെ സംഘം വിമാനത്താവളത്തിലെത്തി.

എന്നാൽ അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസ‍ിഡർ ഉൾപ്പടെ പിന്നാലെ പുറപ്പെട്ട എൺപത് പേരെ താലിബാൻ ഭീകരർ തടയുകയും അവരെ തിരിച്ചയക്കുകയും ചെയ്തു. എംബസിയിൽ നിന്ന് പുറത്തിറങ്ങാൻ ഇവർക്കായില്ല. ഇതോടെ 45 പേരുമായി ഒരു വ്യോമസേനാ വിമാനം ഇന്നലെ ദില്ലിയിൽ എത്തി. കാബൂൾ എംബസിയിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ അമേരിക്കയുടെ സഹകരണം ഉന്നതതലത്തിൽ ഇന്ത്യ തേടി. താലിബാനുമായും സംസാരിച്ചു. അതിനു ശേഷമാണ് അംബാസഡർ ഉൾപ്പടെയുള്ളവർക്ക് ഇന്ന് വിമാനത്താവളത്തിൽ എത്താനായത് എന്നാണ് സൂചന. 

നിലവിലെ സാഹചര്യത്തിൽ ഇനി അഫ്ഗാനിൽ ഉള്ളവരെ ഒഴിപ്പിക്കുക സങ്കീർണ്ണമായ വിഷയമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അന്താരാഷ്ട്ര ഏജൻസികളുടെ സഹായം ഇതിനായി ഇന്ത്യ തേടും. വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ടാൽ മാത്രമേ അവേശിഷിക്കുന്നവരെ ഇന്ത്യയിലേക്ക് കൊണ്ടു വരാനാവൂ. കമേഴ്സ്യൽ വിമാനങ്ങൾക്ക് അനുമതി കിട്ടിയ ശേഷമാകും ഇനിയുള്ള ഒഴിപ്പിക്കൽ എന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം നല്കുന്നത്.

ഇന്ത്യയിലേക്ക് വരാൻ അഫ്ഗാൻ പൗരന്മാര്‍ക്ക് ഇ-വിസ നൽകാനാണ് തീരുമാനം. അഫ്ഗാൻ ഏംബസി അടച്ചെങ്കിലും പ്രാദേശിക ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിസ ഓഫീസ് പ്രവര്‍ത്തനം തുടരുമെന്ന റിപ്പോർട്ടും പുറത്തു വന്നു. ഒഴിപ്പിക്കൽ ഉൾപ്പടെയുള്ള വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വൈകീട്ട് സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭ സമിതി വിളിച്ചു ചേർത്തു. താലിബാൻ ഭരണം വന്നാലുള്ള നിലപാട് ഇന്ത്യ ഇതുവരെ തീരുമാനിച്ചിട്ടില്ല. പല രാജ്യങ്ങളുമായും ഉന്നതതലത്തിൽ ഇന്ത്യ ചര്‍ച്ച നടത്തുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona