ദില്ലി: ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രസംഗം ഇന്ത്യ ബഹിഷ്കരിച്ചു. കശ്മീർ പരാമർശത്തിന് പിന്നാലെ ഇമ്രാൻ നരേന്ദ്രമോദിയെ വ്യക്തിപരമായി വിമർശിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്. പിന്നീട് ഇന്ത്യ പാകിസ്ഥാന് മറുപടിയും നൽകി. ഭീകരർക്ക് പെൻഷൻ നൽകുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് തിരിച്ചടിച്ച ഇന്ത്യൻ പ്രതിനിധി കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാട് ആവ‌‍ർത്തിച്ചു. 

കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് യുഎൻ പൊതുസഭയിൽ ഇന്ത്യ വ്യക്തമാക്കി. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. പാകിസ്ഥാന്‍റെ കടന്നുകയറ്റം മാത്രമാണ് കശ്മീരിലെ പ്രശ്നം. കശ്മീരിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുപോകണമെന്നും ഇന്ത്യൻ പ്രതിനിധി താക്കീത് നൽകി. പാക് അധീന കശ്മീരിനെക്കുറിച്ചേ തർക്കമുള്ളൂ. ഒസാമ ബിൻ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച നേതാവാണ് ഇമ്രാൻ ഖാനെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.

പൊതുസഭയുടെ സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും.