നാല് ബസുകളിലായി 200 ഓളം ഇന്ത്യാക്കാരെ കാബൂൾ വിമാനത്താവളത്തിന് അടുത്തെത്തിച്ചുവെങ്കിലും വിമാനത്താവളത്തിന് ഉള്ളിലേയ്ക്ക് ഇവരെ കടത്തിവിടുന്നില്ല
കാബൂൾ: താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ അനിശ്ചിതാവസ്ഥ. നാല് ബസുകളിലായി 200 ഓളം ഇന്ത്യാക്കാരെ കാബൂൾ വിമാനത്താവളത്തിന് അടുത്തെത്തിച്ചുവെങ്കിലും വിമാനത്താവളത്തിന് ഉള്ളിലേയ്ക്ക് ഇവരെ കടത്തിവിടുന്നില്ല. സമീപ പ്രദേശത്ത് നിന്നും വെടിയൊച്ചകൾ കേൾക്കുന്നുണ്ടെന്നാണ് ബസിൽ തുടരുന്നവർ പറയുന്നത്. പ്രദേശത്ത് സംഘർഷസാധ്യതകൾ നിലനിൽക്കുകയാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ട്.
അതേ സമയം അഫ്ഗാനിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുള്ള ദൗത്യത്തിന്‍റെ അന്തിമഫലം എന്തെന്ന് പറയാനാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ് നിലവിൽ നടക്കുന്നതെന്നും ഇത് വരെ 18, 000 പേരെ അഫ്ഗാനിൽ നിന്ന് രക്ഷിച്ചെന്നും വൈറ്റ്ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ജോ ബൈഡൻ പറഞ്ഞു. അഫ്ഗാനിലെ നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയ സേനാ പിന്മാറ്റത്തിന് രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ബൈഡന്‍റെ പുതിയ പരാമർശം. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമെന്നാണ് നിലവിലെ രക്ഷാ ദൗത്യത്തെ ബൈഡൻ വിശേഷിപ്പിച്ചത്. ദൗത്യത്തിന്‍രെ അന്തിമഫലത്തിന്‍റെ അനിശ്ചിതാവസ്ഥയെക്കുറിച്ചുളള പരാമർശം ഇന്തയ അടക്കമുളള ലോക രാജ്യങ്ങൾ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
അതേ സമയം അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന മുഴുവൻ അമേരിക്കക്കാരെയും രാജ്യത്ത് തിരിച്ചെത്തിക്കുമെന്നും ബൈഡൻ ഉറപ്പ് നൽകി. അഫ്ഗാനിസ്ഥാനിൽ അമേരിക്കയെ സഹായിച്ച സ്വദേശികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന ആവർത്തിച്ച ബൈഡൻ ഇവരെ അമേരിക്കയിൽ എത്തിക്കാനവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. രക്ഷാ ദൗത്യം വ്യാപിപിക്കാൻ സൗഹ്യദ രാഷ്ട്രങ്ങളുമായി കൈക്കോർത്തിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു.
