'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്നതിനായി 17 ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍ 75ന്റെ ആകൃതിയില്‍ പറക്കും.
ദില്ലി: 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ (75th independence anniversary) ഭാഗമായി റിപ്പപ്ലിക് ദിനത്തില്‍ (Republic day) ഇന്ത്യന്‍ സായുധ സേനയുടെ 75 വിമാനങ്ങള്‍ തലസ്ഥാനമായ ദില്ലിയിലെ രാജ്പഥിന് (Rajpath) മുകളിലൂടെ കാണികള്‍ക്കായി വിസ്മയം തീര്‍ക്കും. 'ആസാദി കാ അമൃത് മഹോത്സവ്' (Azadi Ka Amrut Mahotsav) ആഘോഷിക്കുന്നതിനായി 17 ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍ 75ന്റെ ആകൃതിയില്‍ പറക്കും. ഇന്ത്യന്‍ എയര്‍ഫോഴ്സ്, ഇന്ത്യന്‍ ആര്‍മി, നാവികസേന എന്നിവയുടെ കീഴിലുള്ള 75 വിമാനങ്ങളാണ് രാജ്പഥിന്റെ ആകാശത്തിലൂടെ വിസ്മയം തീര്‍ക്കുകയെന്ന് ഓണ്‍ലൈന്‍ മാധ്യമ സമ്മേളനത്തില്‍ ഐഎഎഫ് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് പിആര്‍ഒ വിങ് കമാന്‍ഡര്‍ ഇന്ദ്രന്‍ നന്ദി പറഞ്ഞു.
ഫ്രഞ്ച് നിര്‍മിത റാഫേല്‍ വിമാനങ്ങള്‍ വിനാഷ്, ബാസ്, വിജയ് എന്നിവയുള്‍പ്പെടെ മൂന്ന് ഫോര്‍മേഷനിലും പറക്കും. വിനാഷ് ഫോര്‍മേഷനില്‍ അഞ്ച് റഫാല്‍ വിമാനങ്ങള്‍ അംബാല എയര്‍ബേസില്‍ നിന്ന് പറക്കും. മറ്റ് രണ്ട് ഫോര്‍മേഷനുകളില്‍ ഓരോ റഫേല്‍ വിമാനങ്ങള്‍ വീതമുണ്ടാകും. ഇന്ത്യന്‍ നാവികസേനയുടെ മിഗ്-29കെ യുദ്ധവിമാനവും പി-8ഐ നിരീക്ഷണ വിമാനവും വരുണ ഫോര്‍മേഷനില്‍ പങ്കെടുക്കും. എട്ട് എംഐ-17 ഹെലികോപ്റ്ററുകള്‍, 14 അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍, ഒരു എംഐ-35 ഹെലികോപ്റ്ററുകള്‍, 4 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍, വിന്റേജ് എയര്‍ക്രാഫ്റ്റ് ഡക്കോട്ട, രണ്ട് ഡോര്‍ണിയര്‍ 228 വിമാനങ്ങള്‍, ഒരു ചിനൂക്ക് ഹെലികോപ്റ്റര്‍, മൂന്ന് സി-130 ഹെവി ലിഫ്റ്റ് എന്നിവയും പങ്കെടുക്കും.
1971ലെ യുദ്ധത്തിലും ബംഗ്ലാദേശിന്റെ വിമോചനത്തിലും പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെയും സ്മരണയ്ക്കായി 73-ാമത് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യന്‍ വ്യോമസേന പ്രത്യേക കാഴ്ചയൊരുക്കും. മേഘ്ന, താംഗൈല്‍ ഫോര്‍മേഷനാണ് വ്യോമസേന ഒരുക്കുന്നത്. നേതാജി സുബാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 മുതല്‍ എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിക്കുമെന്ന് രണ്ട് ദിവസം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ജനുവരി 24 മുതലായിരുന്നു ആരംഭിച്ചിരുന്നത്.
