ദില്ലി: പാരിസിലെ റഫാല്‍ പ്രൊജക്ട് മാനേജ്മെന്‍റ് ഓഫിസിലെ മോഷണ ശ്രമം അന്വേഷിക്കാന്‍ ഇന്ത്യന്‍ അന്വേഷണ സംഘം ഫ്രാന്‍സിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമ സേന(ഐഎഎഫ്) ഫോറന്‍സിക് സംഘത്തെ അയച്ച് സംഭവം അന്വേഷിക്കും. മൂന്നോ നാലോ പേരടങ്ങുന്ന ഫോറന്‍സിക് വിദഗ്ധരുടെ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. റഫാല്‍ പ്രോജക്ട് മാനേജ്മെന്‍റ് ടീം ഓഫിസിലെ കമ്പ്യൂട്ടറുകളടക്കം സംഘം പരിശോധിക്കും. 

അതീവ രഹസ്യമായ റഫാല്‍ പ്രോജക്ട് മാനേജ്മെന്‍റ് ടീം ഓഫിസില്‍ ഞായറാഴ്ച അജ്ഞാതര്‍ മോഷണത്തിന് ശ്രമിച്ചിരുന്നു. രഹസ്യ സ്വഭാവമുള്ള രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോയെന്നും കോപ്പി ചെയ്തിട്ടുണ്ടോയെന്നും സംഘം വിശദമായി പരിശോധിക്കും. സംഭവത്തില്‍ ഫ്രഞ്ച് പൊലീസും അന്വേഷണം തുടങ്ങി. റഫാല്‍ യുദ്ധ വിമാന നിര്‍മാതാക്കളായ ദസോള്‍ട്ട് ഏവിയേഷന്‍റെ പാരിസിലെ ഓഫിസിലാണ് മോഷണ ശ്രമം നടന്നത്. പണമോ വിലപ്പെട്ട രേഖകളോ ആയിരിക്കാം മോഷ്ടാക്കളുടെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഹാര്‍ഡ് ഡിസ്കുകളോ രേഖകളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഫ്രഞ്ച് പൊലീസിന്‍റെ അന്വേഷണം ഇന്ത്യന്‍ വ്യോമസേന ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി. 

കരാറില്‍ പറഞ്ഞ സമയത്തിനുള്ളില്‍ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ് പ്രൊജക്ട് ഓഫിസില്‍ മോഷണ ശ്രമം. 2016ലാണ് ഇന്ത്യയും ഫ്രാന്‍സും 59000 കോടിയുടെ പുതുക്കിയ റഫാല്‍ യുദ്ധവിമാനക്കരാറില്‍ ഒപ്പിട്ടത്. വിമാനങ്ങളുടെ വിലയെ സംബന്ധിച്ചും പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനെ തഴഞ്ഞ് അനില്‍ അംബാനിയുടെ കമ്പനിക്ക് ഓഫ്സെറ്റ് കരാര്‍ നല്‍കിയത് സംബന്ധിച്ചും വന്‍ വിവാദമുയര്‍ന്നിരുന്നു.