ദുബായ് എയർഷോയിലെ ഇന്ത്യയുടെ തേജസ് എം.കെ 1 യുദ്ധവിമാനത്തിൽ എണ്ണച്ചോർച്ചയെന്ന പ്രചാരണം തെറ്റ്, വിശദീകരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ വ്യോമസേനയുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് എംകെ 1 ൽ എണ്ണച്ചോർച്ചയുണ്ടായെന്നായിരുന്നു പ്രചാരണം.

അബുദാബി: ദുബായ് എയർഷോയിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ തേജസ് എം.കെ 1 യുദ്ധവിമാനത്തിൽ എണ്ണച്ചോർച്ചയെന്ന സോഷ്യൽ മീഡിയാ പ്രചാരണം തെറ്റെന്ന് കേന്ദ്ര സർക്കാർ. ഘനീഭവിച്ച ജലം പുറന്തള്ളുന്ന സ്വാഭാവിക നടപടിയാണ് ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. ദുബായ് പോലെ അന്തരീക്ഷ ആർദ്രത കൂടിയ പ്രദേശങ്ങളിൽ പ്രവർത്തിപ്പിക്കുമ്പോൾ ഇത് ചെയ്യാറുള്ളതാണ്. തേജസ് യുദ്ധവിമാനത്തിന്റെ, ലോകമംഗീകരിച്ച ശേഷികളെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ചില അക്കൗണ്ടുകളിൽ നിന്നുണ്ടായതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ കുറ്റപ്പെടുത്തി.

ദുബായ് എയർ ഷോയിൽപങ്കെടുക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് എംകെ 1 ൽ എണ്ണച്ചോർച്ചയുണ്ടായെന്നായിരുന്നു പ്രചാരണം. ഇത് വ്യാജമായ വിവരങ്ങളും അടിസ്ഥാനരഹിതമായ പ്രചാരണവുമാണ്. പ്രചരിക്കുന്ന വീഡിയോകളിലെ ദ്രാവകം എണ്ണയല്ല, മറിച്ച് വിമാനത്തിന്റെ എയർ കണ്ടീഷനിങ്, ഓക്സിജൻ ഉത്പാദന സംവിധാനങ്ങളിൽ നിന്നുള്ള സാന്ദ്രീകൃത ജലമാണ്. ഇത് പുറത്തേക്ക് കളയുന്നതിൻ്റെ ദൃശ്യങ്ങളാണ് വീഡിയോകളിലുള്ളത്. ദുബായ്യിലേത് പോലുള്ള ഈർപ്പം കൂടിയ സാഹചര്യങ്ങളിൽ വിമാനങ്ങൾ പ്രവർത്തിക്കുമ്പോൾ ഇത് തികച്ചും സാധാരണമായ നടപടിയാണ്. യുദ്ധവിമാനത്തിൻ്റെ സാങ്കേതികപരമായ വിശ്വാസ്യതയെ തകർക്കാൻ ലക്ഷ്യമിട്ട് ചില പ്രചാരണ അക്കൗണ്ടുകൾ മനഃപൂർവം ഈ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.

Scroll to load tweet…