ഇന്ത്യയുമായുള്ള യുദ്ധ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് മുന്നറിയിപ്പ് നൽകി. കിഴക്കും പടിഞ്ഞാറും അതിർത്തികളിൽ സുരക്ഷാ വെല്ലുവിളികൾ വർധിക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ പൂർണ്ണ ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾക്ക് പിന്നാലെ ഇന്ത്യയുമായുള്ള യുദ്ധ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്‍റെ മുന്നറിയിപ്പ്. കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദ് പൂർണ്ണ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമീപ ദിവസങ്ങളിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ പാകിസ്ഥാൻ ഒരു റിസ്കും എടുക്കാൻ തയ്യാറല്ലെന്ന് സമാ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് പറഞ്ഞു.
"ഞങ്ങൾ ഇന്ത്യയെ അവഗണിക്കുന്നുമില്ല, ഒരു സാഹചര്യത്തിലും വിശ്വസിക്കുന്നുമില്ല. എന്‍റെ വിശകലനമനുസരിച്ച്, ഇന്ത്യയിൽ നിന്നുള്ള അതിർത്തി ലംഘനങ്ങളോ ആക്രമണങ്ങളോ ഉൾപ്പെടെയുള്ള യുദ്ധസാധ്യത ഞാൻ തള്ളിക്കളയുന്നില്ല. നമ്മൾ പൂർണ്ണ ജാഗ്രതയോടെ തുടരണം," അദ്ദേഹം പറഞ്ഞു. ഇന്ത്യ നേരിട്ട് ഇടപെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ആവർത്തിക്കുകയും ഏത് അടിയന്തിര സാഹചര്യവും നേരിടാൻ പാകിസ്ഥാൻ തയ്യാറായിരിക്കണമെന്നും മുന്നറിയിപ്പ് നൽകി. പാകിസ്ഥാന്‍റെ താൽപ്പര്യങ്ങൾക്കെതിരെ ഇന്ത്യ അഫ്ഗാനിസ്ഥാനെ ഒരു പ്രോക്സിയായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച്, നിലവിൽ ദ്വിമുഖ ഭീഷണി ആണ് ഇസ്ലാമാബാദ് നേരിടുന്നതെന്നും ആസിഫ് വിശദീകരിച്ചു.
ബോംബാക്രമണ ആരോപണങ്ങൾ
കഴിഞ്ഞയാഴ്ച ഇസ്ലാമാബാദിലെ കോടതി സമുച്ചയത്തിന് പുറത്തുണ്ടായ ബോംബാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതടക്കം, രാജ്യത്തിനകത്ത് നടന്ന രണ്ട് ചാവേർ ആക്രമണങ്ങൾ അഫ്ഗാൻ പൗരന്മാരാണ് നടത്തിയതെന്ന് പാകിസ്ഥാൻ ആരോപിച്ചതിന് പിന്നാലെയാണ് ആസിഫിന്‍റെ ഈ പ്രതികരണം. പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്ന അഫ്ഗാൻ ആസ്ഥാനമായുള്ള ഗ്രൂപ്പുകൾക്ക് ഇന്ത്യ പിന്തുണ നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള പാകിസ്ഥാൻ നേതൃത്വം ആവർത്തിച്ച് ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യ ഈ അവകാശവാദങ്ങൾ സ്ഥിരമായി നിഷേധിക്കുകയാണ്.
ഇന്ത്യ ആരോപണങ്ങൾ തള്ളിക്കളഞ്ഞു
പാകിസ്ഥാന്‍റെ ആരോപണങ്ങളെ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. "അടിസ്ഥാനരഹിതമായ ആരോപണങ്ങളെ വ്യക്തമായി തള്ളിക്കളയുന്നു. ഇത് പാകിസ്ഥാൻ നേതാക്കളുടെ പതിവ് തന്ത്രമാണ്. രാജ്യത്തിനകത്ത് നടക്കുന്ന സൈനിക സ്വാധീനത്തിലുള്ള ഭരണഘടനാപരമായ അട്ടിമറിയിൽ നിന്നും അധികാരം പിടിച്ചെടുക്കലിൽ നിന്നും സ്വന്തം ജനശ്രദ്ധ തിരിക്കാൻ വേണ്ടി ഇന്ത്യക്കെതിരെ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുക എന്നത് പാകിസ്ഥാന്‍റെ തന്ത്രമാണ്," എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ നവംബർ 11ന് വ്യക്തമാക്കി.
88 മണിക്കൂർ ട്രെയിലർ
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നടത്തിയ "88 മണിക്കൂർ ട്രെയിലർ" എന്ന പരാമർശത്തിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ ഈ മുന്നറിയിപ്പ്. വീണ്ടും പ്രകോപനമുണ്ടായാൽ ശക്തമായി പ്രതികരിക്കാൻ ഇന്ത്യ തയ്യാറാണെന്ന് ദ്വിവേദി പറഞ്ഞിരുന്നു. മെയ് ഏഴിന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തെ ഇന്ത്യ സ്വാധീനിക്കുന്നുണ്ടെന്നും, അതിർത്തിയിൽ ഇന്ത്യ വൃത്തികെട്ട കളികൾ കളിക്കാൻ സാധ്യതയുണ്ടെന്നും ആസിഫ് ആരോപിച്ചു. കിഴക്കൻ (ഇന്ത്യ), പടിഞ്ഞാറൻ (അഫ്ഗാനിസ്ഥാൻ) അതിർത്തികളിൽ ഉണ്ടാകാവുന്ന ദ്വിമുഖ യുദ്ധത്തിന് പാകിസ്ഥാൻ തയ്യാറാണെന്നും അദ്ദേഹം കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നു.


