Asianet News Malayalam

മലയാളികൾക്ക് അഭിമാനമായി റോഷൻ ജേക്കബ് ഐഎഎസ്; ലക്നൗവിൽ കൊവിഡ് നിയന്ത്രിക്കുന്നതിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥ

'ലക്നൗ കളക്ടറിന് കൊവിഡ് ബാധിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഞാൻ താത്കാലിക ചുമതലയേൽക്കുന്നത്. ഞാൻ ചുമതലയേൽക്കുമ്പോൾ ഇവിടെ കൊവിഡ് മൂർച്ഛിച്ച സമയമായിരുന്നു. ആളുകളാകെ ഭയന്നു നിൽക്കുന്ന ആ പ്രതിസന്ധിക്കിടെ ഒരു കൊവിഡ് മാനേജ്മെൻറ് സിസ്റ്റം ഉണ്ടാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു'

indian mahayudham asianet news special story on roshan jacob ias
Author
new delhi, First Published Jun 15, 2021, 7:52 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ ശ്വാസം മുട്ടിയ നഗരമാണ് ലക്നൗ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അമ്പത് ശതമാനം വരെ ഉയർന്ന് ആശുപത്രികൾ തിങ്ങി നിറഞ്ഞ സ്ഥലം. എന്നാൽ മികച്ച കൊവിഡ് മാനേജ്മെൻറിലൂടെ ഇരുപത് ദിവസം കൊണ്ട് ലക്നൗ കരകയറി. യുപിയുടെ തലസ്ഥാന നഗരത്തെ ദുരിത കയത്തിൽ നിന്ന് പിടിച്ചു കയറ്റിയതാകട്ടെ ഒരു മലയാളിയും. ലക്നൗവിലെ കൊവിഡ് പോരാട്ടത്തിന്‍റെ അനുഭവങ്ങൾ തിരുവനന്തപുരം സ്വദേശിയായ ഐഎഎസ് ഉദ്യോഗസ്ഥ റോഷൻ ജേക്കബ് പങ്കുവക്കുമ്പോൾ പിടിച്ചു നിന്ന ജനങ്ങളാണ് യഥാർത്ഥ നായകർ എന്നാണ് പറഞ്ഞത്.

2004 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ റോഷൻ ഒരു കാലത്ത് തിരുവനന്തപുരത്തെ പ്രസംഗ, ഡിബേറ്റ് മത്സരവേദികളിലെ സാന്നിധ്യമായിരുന്നു. നിലവിൽ യുപിയിലെ ഖനന വകുപ്പ് സെക്രട്ടറി. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ റോഷന് മുഖ്യമന്ത്രി താല്പര്യമെടുത്ത് ജില്ലാ മജിസ്ട്രേറ്റിന്‍റെ അധിക ചുമതല കൂടി നല്കുകയായിരുന്നു.

വളരെ അപ്രതീക്ഷിതമായി കിട്ടിയ താത്കാലിക ചുമതലയാണ് ലക്നൗ കള്കടറെന്നത്. ചെറിയ സമയം കൊണ്ട് ലക്നൗവിലെ കൊവിഡിനെ പിടിച്ചു കെട്ടാൻ സാധിച്ചു. വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തതെന്ന് അവർ വ്യക്തമാക്കി.

ലക്നൗ കളക്ടറിന് കൊവിഡ് ബാധിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഞാൻ താത്കാലിക ചുമതലയേൽക്കുന്നത്. ഞാൻ ചുമതലയേൽക്കുമ്പോൾ ഇവിടെ കൊവിഡ് മൂർച്ഛിച്ച സമയമായിരുന്നു. ആളുകളാകെ ഭയന്നു നിൽക്കുന്ന ആ പ്രതിസന്ധിക്കിടെ ഒരു കൊവിഡ് മാനേജ്മെൻറ് സിസ്റ്റം ഉണ്ടാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അത് ഒരു പരിധി വരെ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു എന്നതാണ് ആശ്വാസം. കളക്ടർ മടങ്ങിയെത്തിയപ്പോഴും എന്നോട് ജില്ലയിലെ കൊവിഡ് മാനേജ്മെന്‍റ് ചുമതലയിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴേക്കും നഗരത്തിലെ പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിലെത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. ആശുപത്രിയിൽ ആവശ്യത്തിന് കിടക്കകൾ ലഭ്യമാക്കാനും കഴിഞ്ഞു.

*കണ്ടെയിൻ ദി പാനിക്ക് എന്നത് ആയിരുന്നു റോഷന്‍റെ വിജയ മന്ത്രം. ഇത് എങ്ങനെയാണ് പ്രാവർത്തികമാക്കിയത്. ആളുകളിലെ കൊവിഡ് ഭീതി കൈകാര്യം ചെയ്യാൻ സാധിച്ചോ?

ഞാൻ മനസിലാക്കിയിടത്തോളം ഒന്നാം തരംഗം മുതൽ പലപ്പോഴും കൊവിഡ് മാനേജ്മെന്‍റിൽ പറ്റിയൊരു പിഴവ് ഇതിനെ രോഗമായി കണ്ടില്ല എന്നതാണ്. പകരം ഒരു ശത്രുവായാണ് വൈറസിനെ കണ്ടത്. ആളുകളിലെ പേടി അസുഖം ഗുരുതരമാക്കാനെ ഇടയാക്കൂ. കൊവിഡ് ബാധിച്ചയാളെന്ന നിലയിൽ എനിക്കത് അനുഭവം കൊണ്ട് അറിയാം. പരിശോധന നടത്താൻ വേണ്ടി ആളുകളെ ഒടിച്ചിട്ടു പിടിക്കുന്ന സംഭവങ്ങൾ വരെ പലയിടത്തും നടന്നു. അത് കൊണ്ട് ആ ഭീതി ഒഴിവാക്കാനാണ് ഞാൻ ആദ്യം ശ്രമിച്ചത്. അതിന് ആദ്യം കമാൻഡ് സെന്‍റർ പ്രവർത്തനം ഊർജ്ജിതമാക്കി. രോഗം ബാധിച്ച 80 ശതമാനം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്. അവർക്ക് ആശുപത്രി സേവനം ആവശ്യമില്ല. അവരെ വീട്ടിൽ ഇരുത്തണമെങ്കിൽ അവർക്ക് വീട്ടിലെത്തി പരിചരണം ലഭിക്കും എന്ന് ഉറപ്പ് വേണം. അതിന് റാപിഡ് റെസ്പോൺസ് ടീമിനെ സജ്ജമാക്കി. ടീമിലുള്ളവർക്ക് ബോധവത്കരണം നടത്തി. രോഗികളോട് ഇടപെടുന്നത് മുതൽ എല്ലാ പെരുമാറ്റവും അനുകമ്പയോടെ വേണമെന്ന് നിർദേശം നൽകി. ഇങ്ങനെ ഗുരുതര ലക്ഷണങ്ങളില്ലാത്തവർ വീട്ടിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞു. അവിടെയും സർക്കാരിന്‍റെ കോൾ സെൻറർ വഴിയെത്തുന്ന രോഗികൾക്ക് മുൻഗണന നൽകി. അങ്ങനെ കൊവിഡുമായി ബന്ധപ്പെട്ട ആളുകളുടെ അന്വേഷണങ്ങളെയെല്ലാം ഒരു കേന്ദ്രീകൃത സിസ്റ്റത്തിനുള്ളിൽ കൊണ്ടുവന്നു.

*ആശുപത്രികളിലെ അമിത നിരക്ക് നിയന്ത്രിക്കാൻ റോഷന് സാധിച്ചു. ഇതിനായി പലപ്പോഴും ആശുപത്രിയിൽ നേരിട്ട് എത്തി പരിശോധനകൾ നടത്തി. എങ്ങനെയായിരുന്നു ആ അനുഭവം?

ആളുകൾക്ക് കൊവിഡ് ഭീതി പോലെ തന്നെ പേടിയായിരുന്നു ആശുപത്രികളിലെ അമിത നിരക്കിനോടും. സർക്കാർ പ്രഖ്യാപിച്ച നിരക്കുകൾക്ക് പുറമെ പല കാരണങ്ങൾ പറഞ്ഞ് ആശുപത്രികൾ അമിത ചാർജ് ഈടാക്കിയിരുന്നു. അത് നേരിട്ട് അറിയാൻ ആശുപത്രികൾ സന്ദർശിച്ചു. അവിടെ രോഗികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ കണ്ട് ഉറപ്പു വരുത്താനും ഇത് സഹായകരമായി. അമിത നിരക്ക് ഈടാക്കിയ ഒന്നു രണ്ട് ആശുപത്രികൾക്ക് നേരെ കർശന നടപടി സ്വീകരിച്ചപ്പോൾ തന്നെ ആ പ്രവണത കുറഞ്ഞു. ഓക്സിജൻ ക്ഷാമം മുൻകൂട്ടി കണ്ട് ഒരു ഓക്സിജൻ ഓഡിറ്റ് നടത്തി. ഓക്സിജൻ റീഫിൽ സ്റ്റേഷനുകളിൽ ചെറിയ പരാതികൾ വന്നപ്പോൾ തന്നെ അവിടെ നേരിട്ടെത്തി പരിശോധന നടത്തി. ഇതു കൂടാതെ പല ലാബുകളിലും പരിശോധന റിസൾട്ട് വളരെ വൈകിയായിരുന്നു വന്നു കൊണ്ടിരുന്നത്. അത് തുടക്കത്തിൽ തന്നെ തിരുത്തി. 24 മണിക്കൂറിനുള്ളിൽ റിസൾട്ട് നൽകാൻ ലാബുകൾക്ക് നിർദേശം നൽകി. വീട്ടിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ ആ സമയത്ത് ലക്ഷണമുള്ള ബന്ധുക്കൾക്കും അപ്പോൾ തന്നെ ചികിത്സ നൽകും. പരിശോധനയ്ക്കായി കാത്തിരിക്കേണ്ട എന്ന് ഡോക്ടർമാരുടെ സംഘത്തിന് നിർദേശം നൽകിയിരുന്നു. ഇങ്ങനെ എല്ലാ വശവും നേരിട്ടെത്തി പരിശോധിക്കാനായിരുന്നു എന്‍റെ ശ്രമം.

*യുപി യിലെ അടിസ്ഥാന സൗകര്യങ്ങൾ കൊവിഡ് പ്രതിസന്ധി നേരിടാൻ  പര്യാപ്തമാണോ?

യുപിയുടെ അടിസ്ഥാന സൗകര്യം ഇപ്പോൾ പല സംസ്ഥാനങ്ങളേക്കാളും മെച്ചപ്പെട്ടതാണ്. എന്നാൽ ആരോഗ്യ മേഖലയിൽ കുറച്ച് വെല്ലുവിളികളുണ്ട്. അശുപത്രികളുടെ എണ്ണം ഇപ്പോൾ കൂടുന്നുണ്ട്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ ആവശ്യത്തിന് ആളില്ലാത്തത് പ്രധാന വെല്ലുവിളിയാണ്. അത് പരിഹരിക്കാൻ ആണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. ലക്നൗവിൽ 691 സ്വകാര്യ ആശുപത്രികൾ ഉണ്ട് . പക്ഷെ കൊവിഡ് ആശുപത്രികൾ 50 എണ്ണമേ ഉള്ളു. ഇത് കൂട്ടാൻ ഇപ്പോൾ ഒരു ഓൺലൈൻ റെജിസ്ട്രേഷനുള്ള അവസരമൊരുക്കിയിട്ടുണ്ട്. ഇതിലൂടെ കൂടുതൽ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്ക് മുൻപോട്ട് വരുമെന്നാണ് പ്രതീക്ഷ. മൂന്നാം തരംഗം വരും എന്നതിന് തെളിവൊന്നും ഇല്ലെങ്കിലും അതിന് വേണ്ട തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.

*കേരളത്തിൽ നിന്ന് യുപിയിലെത്തിയിട്ട് 17 കൊല്ലമായി. ഭാഷയും സംസ്കാരവുമെല്ലാം തികച്ചും വ്യത്യസ്തമാണല്ലോ. ഉത്തർപ്രദേശുകാർ എങ്ങനെ സ്വീകരിച്ചു?

ആളുകളോട് ഇടപഴകിക്കൊണ്ടുള്ള ജോലിയായത് കൊണ്ട് ഭാഷ പഠിക്കാൻ ഒന്നും ബുദ്ധിമുട്ടിയില്ല. ഇവിടെയുള്ളവർക്ക് പുറത്ത് നിന്ന് വരുന്ന ഉദ്യോഗസ്ഥരോട് വലിയ ബഹുമാനമാണ്. യുപിക്ക് പുറത്തുള്ളവരാണെങ്കിൽ, അതു സ്ത്രീയാണെങ്കിൽ കൂടുതൽ നല്ലതാകും എന്നാണ് അവരുടെ ചിന്ത. സംസ്കാരം ആകെ വ്യത്യാസമാണ്. തുടക്കത്തിൽ ഒക്കെ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ ഇവിടെ ഒരു നല്ല ഉദ്യോഗസ്ഥന്‍റെ ആവശ്യമുണ്ട്. ആവശ്യമുള്ളിടത്തല്ലേ ജോലി ചെയ്യേണ്ടത്. ഒരുപാട് അവസരങ്ങളും അത്രയും തന്നെ വെല്ലുവിളികളും നിറഞ്ഞതാണ് ഇവിടുത്തെ ജോലി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios