ഇന്ത്യയിൽ വെച്ച് വിവാഹിതരായവർക്ക് വിദേശ രാജ്യങ്ങളിലെ ഉദാരമായ നിയമപ്രകാരം വിവാഹമോചനം നേടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരത്തിൽ വിവാഹമോചനം നേടി പുനർവിവാഹം ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഡൽഹി: ഇന്ത്യയിൽ വിവാഹിതരായ ദമ്പതികൾക്ക് വിദേശ രാജ്യത്ത് വെച്ച് അവിടുത്തെ ഉദാരമായ നിയമങ്ങൾ പ്രകാരം വിവാഹമോചനം നേടാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിലെ നിയമം അംഗീകരിക്കാത്ത കാരണങ്ങൾ പ്രകാരം വിദേശത്തെ കോടതികളിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം പുനർവിവാഹം ചെയ്യുന്നവർ ഒരേ സമയം രണ്ട് വിവാഹബന്ധങ്ങളിൽ ഏർപ്പെടുന്നതിനുള്ള ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

വിദേശ കോടതിയിൽ നിന്ന് വിവാഹമോചനം നേടുകയും പിന്നീട് പുനർവിവാഹം കഴിക്കുകയും ചെയ്യുന്ന പ്രവണത ഇന്ത്യൻ ദമ്പതികൾക്കിടയിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ വിധി. വിദേശ പൗരത്വം സ്വീകരിച്ച ശേഷമാണ് രണ്ടാം വിവാഹം കഴിക്കുന്നതെങ്കിലും ഇന്ത്യൻ നിയമപ്രകാരം ആദ്യ വിവാഹം നിലനിൽക്കുന്നതിനാൽ നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകർന്നെന്ന കാരണത്തിൽ വിദേശകോടകതിയിൽ നിന്ന് വിവാഹ മോചനം നേടുന്നത് സിവിൽ നടപടിക്രമത്തിലെ സെക്ഷൻ 13-ൻ്റെ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് പൗരത്വം നേടിയ ശേഷം ബ്രിട്ടനിലെ കോടതിയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം പുനർവിവാഹം ചെയ്‌ത യുവാവ് സമർപ്പിച്ച ഹർജി കോടതി തള്ളി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 494 പ്രകാരം തനിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന പ്രതിയുടെ വാദം സുപ്രീം കോടതി തള്ളി. ഇന്ത്യയിൽ വെച്ച് ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിച്ചയാൾ ഈ ബന്ധം ഇന്ത്യയിൽ നിയമപരമായി വേർപെടുത്താതെ വിദേശത്ത് വെച്ച് പുനർവിവാഹം ചെയ്താൽ അത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഇതേ കേസിൽ യുവാവിൻ്റെ ഇപ്പോഴത്തെ ഭാര്യക്കെതിരായ നടപടികൾ കോടതി റദ്ദാക്കി.