Asianet News MalayalamAsianet News Malayalam

ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ഐഎംഎ നാളെ നടത്താനിരുന്ന മെഡിക്കൽ ബന്ദ് മാറ്റിവച്ചു

കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

Indian medical association stop tomorrow medical strike
Author
Delhi, First Published Aug 7, 2019, 3:25 PM IST

ദില്ലി: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരായി ഐഎംഎ നാളെ രാജ്യവ്യാപകമായി നടത്താനിരുന്ന മെഡിക്കൽ ബന്ദ് മാറ്റിവച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഓ​ഗസ്റ്റ് 8ന് 24 മണിക്കൂർ ബന്ദ് നടത്താനാണ് ഐഎംഎ തീരുമാനിച്ചിരുന്നത്.

ആശുപത്രികളിൽ നാളെ ഒപി സൗകര്യം ഉണ്ടായിരിക്കില്ലെന്നും, തീവ്ര പരിചരണ വിഭാഗങ്ങളിലും ലേബർ റൂമുകളിലും ഓപ്പറേഷൻ തീയേറ്ററുകളിലും ഉള്ള രോഗികൾക്ക് ചികിത്സ നിഷേധിക്കില്ലെന്നും ഐഎംഎ ഭാരവാഹികൾ അറിയിച്ചിരുന്നു. മെഡിക്കൽ കോളേജുകളിലേയും സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലേയും സ്വകാര്യ ആശുപത്രികളേയും ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.
 
ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ കേരളത്തിലടക്കം മെഡിക്കൽ വിദ്യാർത്ഥികൾ റിലേ നിരാഹാരം നടത്തിയിരുന്നു. അവസാന വർഷ എംബിബിഎസ് പരീക്ഷ പിജി പരീക്ഷയ്ക്കുള്ള മാനദണ്ഡമാക്കുന്ന, മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് മെഡിക്കല്‍ വിദ്യാർഥികൾ പ്രതിഷേധം നടത്തിയത്.

പുതിയ മെഡിക്കൽ കമ്മീഷൻ ബിൽ

ബില്ലിലെ വ്യവസ്ഥകളനുസരിച്ച് എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഈ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളിൽ ഫീസിന് കേന്ദ്രസർക്കാർ മാനദണ്ഡം നിശ്ചയിക്കും.  

പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.

ബില്ല് പ്രകാരം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും. പകരം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷന് കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങൾ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണമെന്നും ബില്ലില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios