Asianet News MalayalamAsianet News Malayalam

വിദേശ കപ്പലിന് നേരെ ആക്രമണം, കുതിച്ചെത്തിയത് ഇന്ത്യൻ നേവി; കമാൻഡോകൾ പിടികൂടിയ 35 പേരെ മുംബൈയിലെത്തിച്ചു

കപ്പലിനെ പിന്തുടർന്നെത്തിയ ഐഎൻഎസ് കൊൽക്കത്ത, അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരമുള്ള പരിശോധനയ്ക്കായി കപ്പൽ നിർത്തണമെന്ന സന്ദേശം കൈമാറി. എന്നാൽ അതിന് തയ്യാറാവാതെ തിരികെ വെടിയുതിർക്കുകയായിരുന്നു കൊള്ളക്കാർ ചെയ്തത്. ഇതോടെ ഇന്ത്യൻ നാവികസേന ശക്തമായി തിരിച്ചടിച്ചു.

indian navy apprehended 35 pirates from a ship and brought them into mumbai afe
Author
First Published Mar 23, 2024, 12:48 PM IST

മുംബൈ: സൊമാലിയൻ തീരത്തു നിന്ന് ഇന്ത്യൻ നാവികസേന പിടികൂടിയ 35 കടൽകൊള്ളക്കാരെ മുംബൈയിലെത്തിച്ചു. ഇവരെ തുടർ നിയമനടപടികൾക്കായി മുംബൈ പൊലീസിന് കൈമാറി. ഐഎൻഎസ് കൊൽക്കത്ത യുദ്ധക്കപ്പലിലാണ് ഇവരെ മുംബൈ തീരത്ത് എത്തിച്ചത്. അറബിക്കടലിലും ഏദൻ കടലിടുക്കിലും വാണിജ്യക്കപ്പലുകൾക്ക് നേരെയുണ്ടാവുന്ന കടൽക്കൊള്ള ആക്രമണങ്ങൾ തടയാൻ ഇന്ത്യൻ നാവികസേന ആരംഭിച്ച ഓപ്പറേഷൻ സങ്കൽപിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്. 

ഏതാണ്ട് 40 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷനിലൂടെയാണ് 35 കടൽക്കൊള്ളക്കാരെ നാവിക സേന പിടികൂടിയത്. ഒരു ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണശ്രമത്തെ തുടർന്ന് ഇന്ത്യൻ നേവിയുടെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്ററിൽ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കടൽക്കൊള്ളക്കാ‍ർ മദർഷിപ്പായി ഉപയോഗിച്ചിരുന്ന കപ്പൽ നാവികസേന കണ്ടെത്തി. 15ന് പുലർച്ചെ മുതൽ ഈ കപ്പലിനെ ഐഎൻഎസ് കൊൽക്കത്ത പിന്തുടരാൻ തുടങ്ങി. എന്നാൽ ഇന്ത്യൻ യുദ്ധക്കപ്പലിന്റെ സാന്നിദ്ധ്യം മനസിലാക്കിയ കടൽക്കൊള്ളക്കാർ ശ്രമമുപേക്ഷിച്ച് സൊമാലിയൻ  തീരത്തേക്ക് നീങ്ങി.

തുടർന്ന് ഈ കപ്പലിനെ പിന്തുടർന്നെത്തിയ ഐഎൻഎസ് കൊൽക്കത്ത, അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരമുള്ള പരിശോധനയ്ക്കായി കപ്പൽ നിർത്തണമെന്ന സന്ദേശം കൈമാറി. എന്നാൽ അതിന് തയ്യാറാവാതെ തിരികെ വെടിയുതിർക്കുകയായിരുന്നു കൊള്ളക്കാർ ചെയ്തത്. ഇതോടെ ഇന്ത്യൻ നാവികസേന ശക്തമായി തിരിച്ചടിച്ചു. കപ്പലിന്റെ തുടർയാത്ര ബലമായി തടഞ്ഞു. ഐഎൻഎസ് കൊൽക്കത്തയ്ക്ക് പിന്നാലെ ഇന്ത്യൻ നാവിക സേനയുടെ മറ്റൊരു പടക്കപ്പലായ ഐഎൻഎസ് സുഭദ്രയുമെത്തി. എതിർത്തു നി‌ൽക്കാൻ അധികനേരം കൊള്ളക്കാർക്ക് സാധിച്ചില്ല.

നാവിക സേനാ കമാൻഡോകൾ കടലിൽ കപ്പലിനെ വള‌ഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെ ഹെലികോപ്റ്ററുകളും P81 വിമാനവും നേവിയുടെ സീ ഗാർഡിയൻ ഡ്രോണുകളും കപ്പലിലുള്ള ഹെലികോപ്റ്ററുകളും സ്പോട്ടർ ‍ഡ്രോണുകളുമെല്ലാം ഇതിനായി ഉപയോഗിച്ചു. കമാൻഡോകൾ കൊള്ളക്കരുടെ കപ്പലിൽ കയറിയതോടെ അവർ കീഴടങ്ങി. 35 കൊള്ളക്കാരും 17 ജീവനക്കാരുമാണ് അതിലുണ്ടായിരുന്നത്. എല്ലാവരെയും കസ്റ്റഡിയിലെടുത്ത് നാവിക സേനാ കപ്പലിലേക്ക് മാറ്റി. ഇവരുടെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മുംബൈയിൽ എത്തിച്ച ഇവർക്കെതിരെ ഇന്ത്യൻ നിയമമനുസരിച്ച് വിചാരണ നടത്തി നടപടികൾ സ്വീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios